SignIn
Kerala Kaumudi Online
Sunday, 31 May 2026 2.15 PM IST

'ടിനി ടോം സാമൂഹിക വിപത്ത്; വ്യക്തിവൈരാഗ്യം തീർക്കാൻ എന്റെ പേര് ഉപയോഗിച്ചു': ഗുരുതര ആരോപണങ്ങളുമായി അൻസിബ

ansiba-tini-tom

നടൻ ടിനി ടോം സമൂഹത്തിന് തന്നെ വിപത്താണെന്നും കപടമുഖം അണിഞ്ഞാണ് ഇത്തരക്കാർ ജീവിക്കുന്നതെന്നും നടി അൻസിബ ഹസൻ. വ്യക്തിവൈരാഗ്യം തീർക്കാൻ വേണ്ടി മാത്രം തന്റെ മതസ്വത്വം ഉയർത്തിക്കാട്ടി അപകീർത്തിപ്പെടുത്താനാണ് ടിനി ടോം ശ്രമിച്ചതെന്നും അൻസിബ ആരോപിച്ചു. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി. നടി ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറ വനിതാ എസ്.ഐ വി.ആർ. രേഷ്മ എന്നിവർക്കെതിരെ നൽകിയ പരാതിയിൽ മൊഴി നൽകാൻ തൃക്കാക്കര എസിപി ഓഫീസിൽ ഹാജരായപ്പോഴായിരുന്നു നടിയുടെ പ്രതികരണം. ടിനി ടോം തെറ്റ് ചെയ്തത് തന്നോട് മാത്രമല്ല, കേരളം പോലുള്ള ഒരു മതനിരപേക്ഷ സമൂഹത്തോടാണെന്ന് അൻസിബ ചൂണ്ടിക്കാട്ടി.

'എനിക്കെതിരെ ഒന്നും കിട്ടാതിരുന്നപ്പോൾ പേര് 'അൻസിബ ഹസൻ' ആയതുകൊണ്ട് അതൊരു ആയുധമാക്കാമെന്ന് അദ്ദേഹം കരുതി. തെറ്റായ സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് നൽകിയത്. ഭാഗ്യവശാൽ ഇത് കേരളമായതുകൊണ്ട് മലയാളികൾക്ക് കാര്യം മനസിലായി. ചെയ്ത തെറ്റിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചേ മതിയാകൂ. കഥ മെനഞ്ഞവർ പറഞ്ഞത് മാറ്റിപ്പറഞ്ഞിരുന്നെങ്കിൽ ഞാൻ രാജ്യദ്രോഹക്കുറ്റത്തിന് ജയിലിൽ കിടക്കേണ്ടി വന്നേനെ,' അൻസിബ വ്യക്തമാക്കി. സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിന്റെ മകനെ അൻസിബ മതംമാറ്റാൻ ശ്രമിച്ചുവെന്നും ജിഹാദിയാണെന്നും ടിനി ടോം 'അമ്മ' സംഘടനയ്ക്കുള്ളിലും പുറത്തും പറഞ്ഞ് വിവാങ്ങളുണ്ടാക്കിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ വ്യാജമാണെന്ന് വ്യക്തമാക്കി രാജീവും മകനും പിന്നീട് രംഗത്തെത്തുകയും ചെയ്തു.


താരസംഘടനയായ 'അമ്മ'യുടെ നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തനിക്ക് ഒട്ടും വിശ്വാസമില്ലെന്ന് മുൻ ജോയിന്റ് സെക്രട്ടറി കൂടിയായ അൻസിബ ആവർത്തിച്ചു. കുറ്റാരോപിതനായ ടിനി ടോമിനെ പിന്തുണയ്ക്കുന്ന പ്രസിഡന്റും, തനിക്കെതിരെ വ്യാജപരാതി നൽകിയ വൈസ് പ്രസിഡന്റും (ലക്ഷ്മിപ്രിയ) ഇരിക്കുന്ന സമിതിക്ക് മുന്നിൽ ഹാജരായാൽ എങ്ങനെ നീതി ലഭിക്കുമെന്നാണ് അൻസിബ ചോദിക്കുന്നത്. മാദ്ധ്യമങ്ങളുടെ സമ്മർദ്ദം കാരണമാണ് ഇപ്പോൾ പരാതി കേൾക്കാൻ 'അമ്മ' തയ്യാറായതെന്നും നടി കുറ്റപ്പെടുത്തി. പരാതി അന്വേഷിക്കാൻ പക്ഷപാതമില്ലാത്ത മറ്റൊരു സമിതി രൂപീകരിക്കണമെന്ന് നടി ആവശ്യപ്പെട്ടു. ഇതിനായി മാലാ പാർവതി, രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ പേരുകൾ നിർദ്ദേശിച്ചെങ്കിലും ഇതുവരെ സംഘടനയിൽ നിന്നും മറുപടി ലഭിച്ചിട്ടില്ലെന്നും അൻസിബ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ANSIBA, TINITOM, AMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY