
നിമിഷ സജയൻ, കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’ യുടെ ട്രെയിലർ പുറത്ത്. തമിഴ് സംവിധായകൻ വെട്രിമാരനാണ് ട്രെയിലർ പുറത്തിറക്കിയത്. സെപ്തംബർ 17 ന് ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.
രാമേശ്വരത്തിന്റെ പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളിലൂടെയും വ്യക്തിജീവിതത്തിലെ നിർണായക സാഹചര്യങ്ങളിലൂടെയും മുന്നേറുന്ന കഥയിൽ സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങൾക്കും വലിയ പ്രാധാന്യമുണ്ടെന്ന് ട്രെയിലർ സൂചന നൽകുന്നു. പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.
വൈ .ജി മഹേന്ദ്രൻ, പൂർണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി തുടങ്ങി നീണ്ട താരനിരയുണ്ട്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ സംസ്ഥാന ചലച്ചിത്ര അവാർസുകൾ നേടിയ സജീവ് പാഴൂരിന്റെ ആദ്യ സംവിധാന സംരംഭം ആണ്. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മാണം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഛായാഗ്രഹണം - ആൽബി ആന്റണി, സംഗീതം - സാം സി .എസ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, പി.ആർ.ഒ - ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |