
ന്യൂഡൽഹി: നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കും ഭർത്താവ് സാം ബോംബയ്ക്കുമെതിരെ മാനനഷ്ടകേസുമായി യുവാവ് രംഗത്ത്. ഫൈസൻ അൻസാരിയെന്ന യുവാവാണ് ഇരുവർക്കുമെതിരെ 100 കോടിയുടെ നഷ്ടപരിഹാരത്തിനായി മാനനഷ്ടകേസിന് കാൺപൂർ പൊലീസിന് പരാതി നൽകിയിരിക്കുന്നത്. നടിയുടെ വ്യാജമരണവാർത്തയുമായി ബന്ധപ്പെട്ടാണ് കേസ്. സെർവിക്കൽ കാൻസർ ബാധിതയായി പൂനം മരിച്ചെന്ന വാർത്ത അനേകം ആരാധകരുടെ സങ്കടത്തിന് കാരണമായെന്നും കാൻസർ പോലൊരു മാരകരോഗത്തെ തമാശയായി ചിത്രീകരിച്ചെന്നും ആരോപിച്ചാണ് യുവാവ് ഇരുവർക്കുമെതിരെ പരാതി നൽകിയിരിക്കുന്നത്.
ഈ മാസം രണ്ടിനാണ് പൂനം കാൻസർ ബാധിച്ച് മരിച്ചെന്ന വ്യാജ വാർത്ത പുറത്തുവന്നത്. താരത്തിന്റെ മരണവിവരം ഔദ്യോഗിക ഇൻസ്റ്റഗ്രാമിലും പങ്കുവച്ചിരുന്നതും ശ്രദ്ധേയമായിരുന്നു. സെർവിക്കൽ കാൻസറിനെ തുടർന്ന് പൂനം ഏറെ നാളുകളായി ചികിത്സയിലായിരുന്നുവെന്നായിരുന്നു പങ്കുവച്ച പോസ്റ്റിലുണ്ടായിരുന്നത്. നിരവധി ആരാധകരാണ് നടിയുടെ മരണത്തിൽ പ്രതികരണവുമായി എത്തിയത്. അതേസമയം, പൂനത്തിന്റെ മരണവാർത്തയിൽ ദൂരൂഹതകൾ നിലനിൽക്കുന്നുണ്ടായിരുന്നുവെന്നും വാർത്തകളുണ്ടായിരുന്നു.
എന്നാൽ തൊട്ടടുത്ത ദിവസം തന്നെ താൻ മരിച്ചിട്ടില്ലെന്ന പോസ്റ്റുമായി പൂനം സോഷ്യൽമീഡിയയിൽ എത്തുകയായിരുന്നു. സെർവിക്കൽ കാൻസർഎന്ന മാരകരോഗത്തെക്കുറിച്ച് അവബോധം നൽകുന്നതിനായാണ് മരണവാർത്ത വ്യാജമായി സൃഷ്ടിച്ചതെന്നാണ് താരം വിശദീകരിച്ചത്. 'മരണവാർത്തയിൽ വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നു. നമ്മൾ വലിയ രീതിയിൽ ശ്രദ്ധ നൽകാത്ത സെർവിക്കൽ കാൻസർ എന്ന വിഷയത്തെക്കുറിച്ച് അടിയന്തരമായി ചർച്ച ചെയ്യുക എന്നതായിരുന്നു മരണവാർത്തകളിലൂടെ എന്റെ ഉദ്ദേശം. ഞാൻ എന്റെ മരണം വ്യാജമായി സൃഷ്ടിക്കുകയായിരുന്നു'- പൂനം പങ്കുവച്ച വീഡിയോ പോസ്റ്റിൽ പറഞ്ഞു.
2013ൽ പുറത്തിറങ്ങിയ നാഷാ എന്ന ബോളിവുഡ് ചലച്ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പൂനമായിരുന്നു. ഈ ചിത്രത്തിലെ പുനത്തന്റെ അഭിനയത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററിൽ താരം അർദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ടത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ചിത്രത്തിനെതിരെ ശിവസേന ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |