SignIn
Kerala Kaumudi Online
Monday, 13 July 2026 1.56 PM IST

'ആ കാഴ്ച ഒരുപാട് സങ്കടത്തോടെയാണ് ഞാൻ കണ്ടത്, ചില കാര്യങ്ങൾ ശക്തമായി ചിന്തിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി'

manju-warrier
മഞ്ജു വാര്യർ (photo credit: Facebook )

പ്രമുഖരുടെ മരണാനന്തര ചടങ്ങുകളിൽ ആളുകളുടെ പെരുമാറ്റത്തിൽ പ്രതികരിച്ച് നടി മഞ്ജു വാര്യർ. സിവിക് സെൻസ് തീരെ ഇല്ലാത്തൊരു സമൂഹമാണ് ഇവിടെയുള്ളതെന്നും പൗരബോധം ജീവിതത്തിൽ പ്രാവർത്തികമാക്കുമെന്ന തീരുമാനം വിദ്യാർത്ഥികൾ എടുക്കണമെന്നും മഞ്ജു കൂട്ടിച്ചേർത്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഹൈബി ഈഡൻ എം പിയുടെ അവാർഡുവിതരണ ചടങ്ങിൽ സംസാരിക്കെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

'സിവിക് സെൻസ് എന്നൊരു വാക്കുണ്ട്. പാഠ പുസ്തകങ്ങളിലൂടെയും മറ്റും പലപ്പോഴും നമ്മൾ കേട്ടിട്ടുള്ള വാക്കാണിത്. അത് വാക്കിൽ ഉണ്ടെങ്കിലും നമ്മുടെ സമൂഹത്തിൽ അത് എത്രമാത്രം പ്രായോഗികമായിട്ടുണ്ട്? ചില ഉദാഹരണങ്ങൾ പറയുകയാണെങ്കിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഈ അടുത്ത് നമ്മൾ കണ്ട ചില കാഴ്ചകളുണ്ട്. നമ്മുടെ പ്രിയപ്പെട്ട സലിം കുമാർ അടുത്തിടെ നമ്മളെവിട്ട് പിരിഞ്ഞിരുന്നു. അന്ന് അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ചടങ്ങുകളിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും സലീമേട്ടന്റെ മകൻ ചന്തുവും അവിടെ ഔചിത്യമില്ലാതെ അവസരോചിതമല്ലാതെ നിന്നവരോട് കയർത്ത് സംസാരിക്കേണ്ടി വന്നു. അതൊരു സങ്കടകരമായ കാഴ്ചയാണ്.

അതുപോലെ തന്നെ പ്രശസ്തനായ ഭാഗ്യരാജ് അന്തരിച്ച സമയത്ത് മൊബൈലിൽ വീട്ടിലെ കാഴ്ചകൾ പകർത്താൻ വന്നവർ നടി രാധികയെ തട്ടി താഴെ ഇടുന്നതും അത് മൊബൈലിൽ പകർത്തുന്ന കാഴ്ചയും ഒരുപാട് സങ്കടത്തോടെയാണ് ഞാൻ കണ്ടത്. ചില കാര്യങ്ങൾ ശക്തമായി ചിന്തിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. നമ്മൾ എവിടെ നിൽക്കുന്നുവെന്നും ഏത് അവസരത്തിൽ നിൽക്കുന്നുവെന്നും സ്വയം പാലിക്കേണ്ട നിയന്ത്രണങ്ങളെന്തെന്നും ബോദ്ധ്യമുണ്ടാകണം.

ജോലിയുടെ ഭാഗമായും അല്ലാതെയും പല വിദേശ രാജ്യങ്ങളിലും സഞ്ചരിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. അവിടെയൊക്കെ ഞാൻ ശ്രദ്ധിച്ചൊരു കാര്യമുണ്ട്. അനുമതി ചോദിച്ചശേഷമാണ് വിദേശ രാജ്യങ്ങളിൽ ഒരാളുടെ ചിത്രം പകർത്തുന്നത്. കുട്ടികളുടെയോ എന്തിന് വളർത്ത് മൃഗങ്ങളുടെയോ പോലും ചിത്രമെടുക്കുക ഒരാളോട് അനുവാദം ചോദിച്ചശേഷമാകും. എല്ലാവരുടെയും സ്വകാര്യതയും മാനിക്കപ്പെടേണ്ടതാണെന്ന അവബോധം വേണം. അത് എത്രമാത്രം ഉണ്ടെന്ന് അറിയില്ല. പൗരബോധം ജീവിതത്തിൽ പ്രാവർത്തികമാക്കുമെന്ന തീരുമാനം വിദ്യാർത്ഥികൾ എടുക്കണം'- നടി വ്യക്തമാക്കി.

English Summary

Actress Manju Warrier spoke about the lack of civic sense in society and urged students to practice responsible behaviour in daily life. At an award distribution event, she criticized the inappropriate behaviour of people during the post-death ceremonies of public figures and stressed the importance of respecting privacy. She also highlighted how people in many foreign countries seek permission before taking photographs and said everyone should develop awareness and respect for others.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANJU WARRIER, CIVIC SENSE, CELEBRITY DEATH CEREMONIES, PUBLIC BEHAVIOUR, MALAYALAM ACTRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY