SignIn
Kerala Kaumudi Online
Sunday, 12 July 2026 9.51 PM IST

'സ്വന്തം മക്കളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകും', സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ഖുഷ്ബു

khushbu-and-family
നടിയും ബിജെപി നേതാവുമായ ഖുഷ്ബു കുടുംബത്തോടൊപ്പം ചിത്രം: x.com

മകൾ ആനന്ദിതയുടെ വിവാഹത്തിന് പിന്നാലെ, മക്കളുടെ രൂപത്തെ പരിഹസിച്ചവർക്കെതിരെ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദർ. കുടുംബത്തിന് നേരെയുള്ള ആക്രമണങ്ങളിൽ മൗനം പാലിക്കില്ലെന്നും തന്റെ ക്ഷമയെ ബലഹീനതയായി കാണരുതെന്നും ഖുശ്ബു എക്സിൽ കുറിച്ചു. വർഷങ്ങളുടെ കഠിനാധ്വാനവും ത്യാഗവും സഹിച്ചാണ് തങ്ങൾ ഈ നിലയിലെത്തിയതെന്ന് ട്രോളന്മാർക്ക് മറുപടിയായി ഖുഷ്ബു ഓർമ്മിപ്പിച്ചു. സ്‌നേഹത്തിലും വിശ്വാസത്തിലുമാണ് തങ്ങളുടെ കുടുംബം പടുത്തുയർത്തിയത്. പ്രശസ്തിയുടെ നടുവിലാണ് വളർന്നതെങ്കിലും മക്കൾക്ക് വിനയമുണ്ട്. സെലിബ്രിറ്റികളുടെ മക്കളെന്ന പദവി അവർ ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ലെന്നും ഖുഷ്ബു പറഞ്ഞു.

ഖുഷ്ബു പങ്കുവച്ച എക്‌സ് പോസ്റ്റിന്റെ പൂർണ രുപം

'ഇതെന്റെ കുടുംബമാണ്. സ്‌നേഹത്തിലും വിശ്വാസത്തിലും പരസ്പര ധാരണയിലുമാണ് ഞങ്ങളിത് പടുത്തുയർത്തിയത്. ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങൾ ഇന്ന് ഈ നിലയിലെത്തിയത്. ചിലപ്പോഴൊക്കെ ഇടറി വീണിട്ടുണ്ടാകാം പരാജയപ്പെട്ടിട്ടുണ്ടാകാം. പക്ഷേ പൂർവ്വാധികം ശക്തിയോടെ പോരാടി വീണ്ടും വിജയം പിടിച്ചെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. മക്കളെ ഞങ്ങൾ അത്രയേറെ ശ്രദ്ധയോടെയാണ് വളർത്തിയത്. വിജയങ്ങളിൽ അവർ അഹങ്കരിക്കാനോ സെലിബ്രിറ്റികളുടെ മക്കളെന്ന പദവി മുതലെടുക്കാനോ ഒരിക്കലും ഞങ്ങൾ അനുവദിച്ചിട്ടില്ല. അവരും തങ്ങളുടെ പദവി ഒരിക്കലും ദുരുപയോഗം ചെയ്തിട്ടില്ല. എന്റെ മക്കളെക്കുറിച്ച് എനിക്ക് അത്രയേറെ അഭിമാനമുണ്ട്.

താല്ക്കാലികമായി കിട്ടുന്ന കുറഞ്ഞ ചെലവിലുള്ള പ്രശസ്തിക്ക് വേണ്ടി ഏതെങ്കിലും വഴിപോക്കന്മാർ എന്റെ മക്കളെ അപമാനിക്കാനോ അവഹേളിക്കാനോ ഒരു അമ്മയെന്ന നിലയിൽ ഞാൻ അനുവദിക്കില്ല. അവരുടെ ചിന്താഗതി അത്രമേൽ തരംതാണതാണ്. അവരോട് അവരുടെ അതേ ഭാഷയിൽ പ്രതികരിക്കാൻ എനിക്കറിയാം, പക്ഷേ ഞാനതിന് മുതിരുന്നില്ല. കാരണം എന്റെ അമ്മയെയും അമ്മ എന്നെ വളർത്തിയ രീതിയെയും ഞാൻ ബഹുമാനിക്കുന്നു. എന്നാൽ ഞാൻ മിണ്ടാതിരിക്കുന്നത് നിങ്ങളുടെ വൃത്തികെട്ട മാനസികാവസ്ഥയോട് യോജിക്കുന്നത് കൊണ്ടാണെന്ന് കരുതരുത്. ഒരു അമ്മയോടും കളിക്കാൻ നിൽക്കരുത്. സ്വന്തം മക്കളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന, മുറിവേറ്റ പെൺപുലിയാണ് അമ്മയെന്ന് ഓർക്കുക.

കുറച്ചു ഫോളോവേഴ്സിനും കൈയടിക്കും വേണ്ടി എന്റെ മക്കളെയും കുടുംബത്തെയും ഉപയോഗിച്ച ചില മൂന്നാംകിടക്കാർക്ക് മാത്രമല്ല ഈ സന്ദേശം. യൂട്യൂബിലിരുന്ന് ഞങ്ങളെക്കുറിച്ച് അപവാദം പറഞ്ഞ് കിട്ടുന്ന പണം കൊണ്ട് കുടുംബം പുലർത്തുന്ന ചില യൂട്യൂബർമാർക്കുള്ള താക്കീതാണിത്. ഇനിയിത് സഹിക്കാനാകില്ല. ഇന്ന് പ്രതികരിച്ചില്ലെങ്കിൽ നാളെ ഇവരൊക്കെ നമ്മുടെ തലയിൽ കയറി നിരങ്ങും. ഞങ്ങളുടെ ഉള്ളിലെ കരുത്ത് പണം കൊടുത്തു വാങ്ങിയതല്ല, കഠിനാധ്വാനത്തിലൂടെ നേടിയതാണ്. അത് ഇവർക്ക് ആർക്കും അറിയില്ല.

എല്ലാ സ്ത്രീകളോടുമായി ഒന്നേ എനിക്ക് പറയാനുള്ളു. നിങ്ങൾക്കുവേണ്ടി നിങ്ങൾ തന്നെ സ്വയം ശബ്ദമുയർത്തണം. മറ്റുള്ളവർ നിങ്ങളെ ബഹുമാനിക്കുന്നില്ലെങ്കിൽ അവരെ അവഗണിക്കുക. ആദ്യം സ്വയം ബഹുമാനിക്കാൻ പഠിക്കുക. മറ്റാരും നിങ്ങളെ അപമാനിക്കാൻ ഒരവസരവും കൊടുക്കരുത്.' ഖുഷ്‌ബു കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUSHBHU, LATESTNEWS, TROLLS, CYBER ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY