SignIn
Kerala Kaumudi Online
Wednesday, 09 September 2026 12.07 PM IST

വൈദ്യനാക്കാൻ അച്ഛൻ കൊതിച്ചു, സിനിമയുടെ വൈദ്യനായി

mj
സംവിധായകൻ ഡോ. ബിജുവിനൊപ്പം എം.ജെ. രാധാകൃഷ്ണൻ

തിരുവനന്തപുരം: എം.ജെ..രാധാകൃഷ്ണനെ തന്നെപ്പോലെ ഒരു വൈദ്യനാക്കാനായിരുന്നു അച്ഛൻ ജനാർദനൻ വൈദ്യർക്ക് താൽപര്യം.

അച്ഛനുമുന്നിൽ വൈദ്യപഠനത്തിനു ഇരുന്നുകൊടുത്തെങ്കിലും ഇരുപതാം വയസിൽ കാമറയുമായി സിനിമാലൊക്കേഷനിലെത്തി.പക്ഷെ പിന്നീട് അറിയപ്പെടുന്ന ഛായാഗ്രഹകനായപ്പോഴും അച്ഛൻ പഠിപ്പിച്ചതും മറന്നില്ല. രോഗം അറിഞ്ഞാൽ മരുന്ന് കുറിക്കാനറിയാം. അതറിയാവുന്ന സുഹൃത്തുക്കളിൽ ചിലർ മരുന്നു തേടിയെത്തിയത് രാധാകൃഷ്ണന്റെ അടുത്തായിരുന്നു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കിട്ടിയ കാമറയിൽ ഫോട്ടോ എടുത്തതോടെയാണ് കാമറ ഒരു ക്രെയിസായി മാറിയത്. രസതന്ത്രത്തിൽ ബിരുദം നേടിക്കഴിഞ്ഞ് ഇനി എന്ത് എന്ന് ചിന്തിച്ചിരിക്കുന്ന കാലം. രാധാകൃഷ്ണന്റെ സഹോദരീ ഭർത്താവിന്റെ സുഹൃത്ത് ഇന്നസെന്റ് നിർമ്മിച്ച്, മോഹൻ സംവിധാനം ചെയ്ത 'ഒരു കഥ ഒരു നുണക്കഥ'യുടെ സെറ്റിൽ പോകാൻ അവസരം ലഭിച്ചു. എൻ.എൽ. ബാലകൃഷ്ണനായിരുന്നു സ്റ്റിൽ ഫോട്ടോഗ്രാഫർ. അവിടെ രണ്ടു മൂന്നു സ്റ്റിൽ എടുത്തുകൊണ്ടാണ് എം.ജെ തുടങ്ങുന്നത്. 'പഞ്ചവടിപ്പാല'ത്തോടെ ഔദ്യോഗികമായി സ്റ്റിൽ ഫോട്ടോ സഹായിയായി. ആ ചിത്രത്തിന്റെ കലാസംവിധായകനായിരുന്ന രാജീവ് അഞ്ചലിന്റെ നിർദേശപ്രകാരമായിരുന്നു അങ്ങനെയൊരു അവസരം.

ഷാജി എൻ. കരുണിന്റെ അസിസ്റ്റന്റായിട്ടാണ് സിനിമാട്ടോഗ്രാഫിയിലേക്ക് എത്തിയത്. 'നഖക്ഷതങ്ങൾ' എന്ന ചിത്രത്തിലായിരുന്നു തുടക്കം. 'ഷാജിയേട്ടനാണ് ഛായാഗ്രഹണത്തിൽ എന്റെ ഗുരു' എന്ന് അഭിമാനത്തോടെ എം.ജെ പറയുമായിരുന്നു.രാജീവ് അഞ്ചൽ സംവിധാനം ചെയ്ത അമ്മാനംകിളിയിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി. സി.പി.പദ്മകുമാറിന്റെ സമ്മോഹനമാണ് എം.ജെയെ പ്രശസ്തനാക്കിയത്.

എം.ജെയ്ക്ക് വെല്ലുവിളി ഉയർത്തിയ ചിത്രം ദേശാടനമായിരുന്നു. സ്വാഭാവിക വെളിച്ചം ലഭിക്കാൻ വീടിന്റെ ഓടിളക്കി മാറ്റിയൊക്കെയായിരുന്നു ചിത്രീകരണം. ഒരു ട്രോളിപോലും ഇല്ലാതെയായിരുന്നു കളിയാട്ടത്തിന്റെ ചിത്രീകരണം എന്ന് ആ സിനിമ കാണുന്നവർക്ക് തോന്നുകയേ ഇല്ല. അതായിരുന്നു എം.ജെ.ടച്ച്. നവാഗതർ എം.ജെയെ തേടിയെത്തിയത് ചിലവു കുറച്ച് ചിത്രീകരണം നടക്കുമെന്ന വിശ്വാസത്തിലായിരുന്നു. അങ്ങനെയത്തുന്ന പുതിയവരിൽ നിന്നും എന്തെങ്കിലും പുതിയതായി പഠിക്കാൻ കഴിയുമോ എന്നായിരുന്നു എം.ജെ. ചിന്തിച്ചിരുന്നത്.2016ലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ എം.ജെ കാമറ ചലിപ്പിച്ച അഞ്ചു ചിത്രങ്ങൾ എത്തി. അതൊരു അപൂർവ റെക്കാഡായി.

ജയരാജനുമായി ഉണ്ടായിരുന്ന മനപ്പൊരുത്തം പോലെ ഡോ.ബിജുവിനോടും എം.ജെ അടുപ്പം സൂക്ഷിച്ചിരുന്നു.ഷാങ്ഹായ് മേളയിലേക്ക് തിരഞ്ഞെടുത്ത വെയിൽമരങ്ങൾ ഉൾപ്പടെ ബിജുവിന്റെ ചിത്രങ്ങൾക്കെല്ലാം കാമറ എം.ജെയുടേതായിരുന്നു. മരണം അറിഞ്ഞ ഉടൻ കരച്ചിലടക്കാൻ പ്രയാസപ്പെടുകയായിരുന്നു ബിജു. ''എനിക്കൊന്നും പറയാൻ കഴിയുന്നില്ല.ഞങ്ങളൊരുമിച്ച് വാർക്ക് ചെ്യത് കൊതി തീർന്നിട്ടില്ല" വിതുമ്പലടക്കിക്കൊണ്ട് ബിജു പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MJ RADHAKRISHNAN, MAJ RADJHAKRISHNAN PASSED AWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY