കൊച്ചി: താൻ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ലെന്ന് നടി ശ്വേതാ മേനോൻ. തന്റെ യുദ്ധം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന പവർ ഗ്രൂപ്പിനോടാണ്. അവർക്കെതിരെയുള്ള പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും അവരുടെ ഇരകളെ താനെന്നും ചേർത്തുപിടിച്ചിട്ടുണ്ടെന്നും ശ്വേത പറഞ്ഞു. സാമൂഹിക മാദ്ധ്യമക്കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
ഹേമാ കമ്മിറ്റിയിലെ കുറ്റാരോപിതർ
പരസ്യപ്രതികരണങ്ങൾ ഞാൻ മനഃപൂർവം ഒഴിവാക്കിയിരുന്നു. പക്ഷേ, ഹേമാ കമ്മിറ്റിയിലെ കുറ്റാരോപിതർ സംഘടനയിലെ ചിലരെ മുന്നിൽ നിർത്തി വീണ്ടും വീണ്ടും എന്നെ വ്യക്തിപരമായി അപമാനിക്കാനും യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ശ്രമം തുടരുന്നതിനാലാണ് ഒരിക്കൽ കൂടി ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടി വരുന്നത്.
ആരാണ് എന്റെ മറുഭാഗം?
എന്റെ യുദ്ധം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന പവർ ഗ്രൂപ്പിനോടാണ്. അവരോടു മാത്രമാണ്. കഴിഞ്ഞ എജിഎമ്മിൽ അവർ എന്നെ അപമാനിച്ചു പുറത്താക്കാൻ ശ്രമിച്ചു. അവർക്കെതിരെയുള്ള എന്റെ പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവരുടെ ഇരകളെ ഞാൻ എന്നും ചേർത്ത് പിടിച്ചിട്ടുണ്ട്. അത് ഒരിക്കലും മീഡിയ അറ്റൻഷൻ നേടാനോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയായിരുന്നില്ല.
അവരിൽ ചിലരുടെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഞാൻ ചോദ്യങ്ങൾ ഉയർത്തിയപ്പോൾ അതിന് മറുപടി പറയുന്നതിനുപകരം വ്യക്തിപരമായ അധിക്ഷേപങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്. ഞാൻ ഉയർത്തിയ യഥാർത്ഥ വിഷയങ്ങൾ മറച്ചുവച്ച് എന്നെക്കുറിച്ചുള്ള നുണക്കഥകൾ പ്രചരിപ്പിക്കപ്പെടുകയാണ്.
ഇതിനിടയിൽ എനിക്കെതിരെ ഉയർത്തുന്ന ചില ആരോപണങ്ങൾക്കും കൂടി മറുപടി പറയട്ടെ.
ഒന്നാമത്...
കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാർട്ടിക്ക് കേരളത്തിൽ സ്ഥാനാർത്ഥികളെ കിട്ടാൻ എനിക്ക് കോടിക്കണക്കിന് രൂപ നൽകേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസ്സിലായിട്ടില്ല.
രണ്ടാമത്...
ഞാൻ ഏതെങ്കിലും പാർട്ടിക്കാരിയാണെങ്കിൽ അത് മറച്ചുവയ്ക്കേണ്ട കാര്യമെന്താണ്?
അങ്ങനെ തുറന്നു പറഞ്ഞാൽ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ?
ഇല്ല.
ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ സിപിഎം, കോൺഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്.
ഞാൻ ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ. അമ്മയിൽ രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടർച്ചയായി അപവാദപ്രചരണം നടത്തുന്നവരോടുള്ള എന്റെ അഭ്യർഥന.
കാരണം, മലയാളികൾ കലാകാരന്മാരെ സ്നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ്. ഇതെല്ലാം ഇതുവരെ ഞാൻ പറയാതിരുന്നത്, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയതുകൊണ്ടാണ്.
പക്ഷേ ഈ ബഹളങ്ങൾക്കിടയിൽ ഞാൻ ഉയർത്തിയ യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്.
പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന “അഴിമതി ആരോപണങ്ങൾ" പോലും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല!! എന്തായാലും, ഞാൻ ഇവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല.
Actress Shwetha Menon publicly declared that individuals facing serious allegations in the Hema Committee report will never assume leadership roles in AMMA as long as she is involved. In a social media statement, Menon asserted her ongoing "war" is against this "power group" and reaffirmed her consistent support for their victims, a fight she states began long ago.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |