SignIn
Kerala Kaumudi Online
Saturday, 01 August 2026 10.08 AM IST

മമ്മൂട്ടി പറഞ്ഞ സംഗീത സംവിധായകനെ ചെന്നുകണ്ടു, സകല പ്രതീക്ഷകളും തെറ്റിക്കുന്നതായിരുന്നു പിന്നീട് നടന്നത്

READ ENGLISH VERSION
mammootty

സുന്ദരനായ മമ്മൂട്ടിയെ പുട്ടുറുമീസ് എന്ന കഥാപാത്രമാക്കി വിജിതമ്പി ഒരുക്കിയ ചിത്രമായിരുന്നു സൂര്യമാനസം. 1992ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥ സാബ് ജോൺ ആയിരുന്നു. ഒരു ഇംഗ്ളീഷ് ചെറുകഥയിൽ നിന്ന് സാബ് ഡെവലപ്പ് ചെയ‌്തെടുത്ത തിരക്കഥയായിരുന്നു സൂര്യമാനസത്തിന്റെത്. ആ റുവയസുകാരന്റെ ബുദ്ധിയും അഞ്ചുപേരുടെ ബലവുമുള്ള പുട്ടുറുമീസിന്റെയും അയാളുടെ അമ്മയുടെയും പലായനത്തിന്റെ കഥയായിരുന്നു സൂര്യമാനസം. ചിത്രത്തിലെ ഗാനങ്ങൾ എവർഗ്രീൻ ഹിറ്റാണ്.

ഓസ്‌കറിന്റെ നെറുകയിലെത്തിയ കീരവാണിയായിരുന്നു ഗാനങ്ങൾ ഒരുക്കിയത്. മമ്മൂട്ടിയുടെ നിർദേശ പ്രകാരമാണ് കീരവാണിയിലേക്ക് സൂര്യമാനസത്തിന്റെ പാട്ടുകൾ എത്തിയതെന്ന് പറയുകയാണ് വിജി തിമ്പി.

വിജി തമ്പിയുടെ വാക്കുകൾ-

''സൂര്യമാനസത്തിന്റെ ഷൂട്ടിംഗിന്റെ ചർച്ചകൾക്കു വേണ്ടി മമ്മൂക്കയെ കാണാൻ ഞാനും തിരക്കഥാകൃത്ത് സാബ് ജോണും ഊട്ടിയിലെത്തി. ഐ.വി ശശിയുടെ ഒരു ലൊക്കേഷനിലായിരുന്നു മമ്മൂക്ക. സിനിമയുടെ പേര് നീലഗിരി. മമ്മൂക്കയോട് ഡേറ്റിന്റെ കാര്യമൊക്കെ സംസാരിച്ചു. കൂട്ടത്തിൽ ലൊക്കേഷൻ ഹണ്ടും നടന്നു. ആ സമയത്താണ് ആരാണ് പടത്തിന് മ്യൂസിക്ക് ചെയ്യുന്നതെന്ന് മമ്മൂക്ക ചോദിച്ചത്. ഫിക്‌സ് ചെയ്‌തിട്ടില്ല എന്ന് അറിയിച്ചപ്പോൾ, നീലഗിരിയിലെ പാട്ടുകൾ കേട്ടുനോക്കാൻ അദ്ദേഹം ഞങ്ങളോട് പറഞ്ഞു. നല്ല രസമായിട്ടു തോന്നി. പുതിയ ആളാണ് മ്യൂസിക്ക് ഡയറക്‌ടർ. മമ്മൂക്കയുടെ തമിഴ് പടം അഴകനിലും കക്ഷി തന്നെയാണ് സംഗീതം. അതുംകേട്ടു.

കീരവാണി എന്നാണ് പുള്ളിയുടെ പേര്. തമിഴിൽ മരതകമണി എന്നാണ് വിളിക്കുന്നത്. അങ്ങനെ മരതകമണിയെ മദ്രാസിൽ പോയി കാണാൻ ഞങ്ങൾ തീരുമാനിച്ചു. പാട്ടെഴുതുന്ന കൈതപ്രത്തേയും ഒപ്പം കൂട്ടി. എവിഎമ്മിലായിരുന്നു കീരവാണിയുടെ റെക്കോർഡിംഗ് സ്റ്റുഡിയോ. നല്ല എനർജറ്റിക്കായ ചെറുപ്പക്കാരൻ. വിളക്കൊക്കെ കത്തിച്ചുവച്ച് കർപ്പൂരമുഴിഞ്ഞ് നാളികേരമുടച്ചിട്ടാണ് അദ്ദേഹം കഥ കേൾക്കാൻ ഇരുന്നത്. സാബ് കഥ പറഞ്ഞു തുടങ്ങി. മൂന്ന് പാട്ടിന്റെയും സിറ്റുവേഷനും പറഞ്ഞുകേൾപ്പിച്ചു.

എല്ലാം കേട്ടിട്ട് ഒരാഴ്‌ചത്തെ സമയം തനിക്ക് വേണമെന്ന് കീരവാണി അറിയിച്ചു. പിറ്റേദിവസം കമ്പോസിംഗ് തുടങ്ങുമെന്നായിരുന്നു ഞങ്ങൾ കരുതിയത്. എന്തായാലും മറ്റുചില ജോലികൾ കൂടിയുള്ളതിനാൽ ഒരാഴ്‌ച അവിടെ തങ്ങാൻ തീരുമാനിച്ചു. പറഞ്ഞദിവസം ഞങ്ങൾ കീരവാണിയുടെ സ്‌റ്റുഡിയോയിലെത്തി. സൂര്യമാനസം എന്ന എവർഹിറ്റ് ഗാനത്തിന് 25 പല്ലവിയാണ് അദ്ദേഹം ചിട്ടപ്പെടുത്തിയിരുന്നത്. ഓരോന്നും ഒന്നിനൊന്ന് മെച്ചം. ഏതെടുക്കണമെന്ന് കൺഫ്യൂഷനായി. ഒടുവിൽ ആ ദൗത്യം കീരവാണിയെ തന്നെ ഏൽപ്പിച്ചു. അങ്ങനെ പിറന്നതാണ് ഇന്നും മലയാളികൾ ആവർത്തിച്ചു കേൾക്കുന്ന തരളിതരാവിൽ മയങ്ങിയോ സൂര്യമാനസം എന്ന ഗാനം''.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOORYA MANASAM MOVIE, VIJI THAMPI, MAMMOOTTY, KEERAVANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY