
സ്‌റ്റൈൽ മന്നൻ രജനികാന്ത് നിറഞ്ഞാടിയ ജയിലർ 2 കണ്ടവരുടെ ഉള്ളിൽ നിന്ന് ഇറങ്ങിപ്പോവാതെ നിൽപ്പാണ് 'മൂർത്തി അണ്ണൻ." രജനികാന്തിനൊപ്പം സ്‌ക്രീനിൽ തകർത്തഭിനയിച്ച നമോ നാരായണയുടെ മൂർത്തി സമൂഹമാദ്ധ്യമങ്ങൾ കൈയടക്കി. എന്നാൽ മൂർത്തി അണ്ണൻ ആരെന്ന് തമിഴകം ചോദിച്ചതേയില്ല. മലയാള സിനിമയിൽ മുഖം കാണിച്ചിട്ടുണ്ടെങ്കിലും കേരളം 'മൂർത്തി അണ്ണനെ" അന്വേഷിച്ചു. വേറിട്ട ഗെറ്റപ്പും, കോമഡി ടൈമിംഗും അമിതമായ ഭാവപ്രകടനങ്ങളും എല്ലാം പ്രേക്ഷകർ ചേർത്തുപിടിച്ചു. പതിനേഴുവർഷത്തെ സിനിമാ യാത്രയിൽ നമോ നാരായണയുടെ ജീവിതത്തിൽ ഇത്രയും തിളക്കം മുമ്പ് ഉണ്ടായില്ല.
സോഫ്ട്‌വെയർ എൻജിനിയർ സിനിമയിൽ
സിനിമ സ്വപ്നം കണ്ടതിനാൽ സഹസംവിധായകന്റെ കുപ്പായം അണിഞ്ഞു. 'ഭാഗ്യപരീക്ഷണം" ആണ് സിനിമ എന്നു വീട്ടുകാർ പറഞ്ഞപ്പോൾ സോഫ്ട്‌വെയർ എൻജിനിയറുടെ ജോലിതേടി വിദേശത്തേക്ക്. ബഹ്‌റൈനിലും ദുബായിലും മലേഷ്യയിലും ഉയർന്ന ജോലി. യുഎസിൽ കോർപറേറ്റ് ജോലിക്ക് പത്തുവർഷത്തെ വിസ ലഭിച്ചപ്പോഴാണ് നടൻ സമുദ്രക്കനിയുടെ വിളി. ബാല്യകാല സുഹൃത്തായ സമുദ്രക്കനിയുടെ വിളി സിനിമയിലേക്ക് ടിക്കറ്റെടുപ്പിച്ചു.
സമുദ്രക്കനി സംവിധാനം ചെയ്ത നാടോടികൾ സിനിമയിൽ എക്സിക്യുട്ടീവ് പ്രൊഡ്യൂസറാകാനായിരുന്നു ആ വിളി. തന്റെ സഹസംവിധായകനായി പ്രവർത്തിച്ച നമോയ്ക്ക് ശിഷ്യനുവേണ്ടി 'ചിന്നമണി' എന്ന കഥാപാത്രം വിശ്വാസപൂർവം ഏറ്റെടുപ്പിച്ചു. ചിന്നമണി ക്ളിക്കായതോടെ അമേരിക്കൻ ജോലി എന്നന്നേക്കുമായി ഉപേക്ഷിച്ചു. ശശികുമാർ സംവിധാനം ചെയ്ത 'ഈഡൻ" ബ്രേക്ക് നൽകി. പോരാളി, കുട്ടിപ്പുലി, തൊങ്ങൽ തുടങ്ങിയ ചിത്രങ്ങളിളും ശ്രദ്ധേയ കഥാപാത്രങ്ങൾ. ഓരോ വർഷവും സിനിമകളുടെ എണ്ണം കൂടി. കോമഡിയും വില്ലത്തരവും ഒരുപോലെ വഴങ്ങി. മലയാള സിനിമ വിളിച്ചപ്പോൾ ഇവിടേക്ക് പലതവണ വന്നു.
'ടർബോ"യിൽ മമ്മൂട്ടിയോടെപ്പം ആണ് അവസാനം കണ്ടത്. രജനികാന്തിന്റെ താരപ്രഭയ്ക്കൊപ്പം താൻ വൻ ശ്രദ്ധ നേടുമ്പോൾ നമോ നാരായണ വിനയാന്വിതനാകുന്നു. നാലു സൂപ്പർ താരങ്ങൾ വേഷമിട്ട സിനിമയിൽ മൂർത്തി അണ്ണൻ ഇത്ര പ്രശസ്തി സമ്മാനിക്കും എന്നു സംവിധായകൻ നെൽസൺ പോലും കരുതിയിട്ടുണ്ടാവില്ല. മൂർത്തി അണ്ണന് ഒരു സ്‌പിൻ ഓഫ് സിനിമ വേണം എന്നാണ് ആരാധകരുടെ ആവശ്യം. നമോ നാരായണയുടെ അടുത്ത വരവും രജനികാന്ത് ചിത്രത്തിൽ. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ധർമ്മൻ ആണ് സിനിമ. ഇക്കുറി കഥാപാത്രം ചെറുതാണ്. രജനിയോടൊപ്പം സ്‌ക്രീനിൽ വരുമോ എന്നാണ് അറിയേണ്ടത്. മധുരയിൽ നിന്ന് ചെന്നൈയിലേക്ക് നമോ വണ്ടികയറിയതു വെറുതേയായില്ല എന്ന് സുഹൃത്തുക്കൾ .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |