രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് സീൻ. ആദ്യ തമിഴ് ചിത്രത്തിൽ സൂപ്പർതാരം സൂര്യയെ നായകനാക്കിയ ജിത്തു മാധവൻ പല സൂര്യചിത്രങ്ങളിലെ ഡയലോഗുകളും റഫറൻസുകളും ഉപയോഗിക്കാൻ മറന്നില്ല. നായികയായി നസ്രിയയും വില്ലനായി നസ്‌ലെനും എത്തുന്നു.
ആവേശവും രോമാഞ്ചവും ഒരുക്കിയ അതേ വൈബിൽ തന്നെയാണ് ജിത്തു മാധവൻ സീനും ഒരുക്കിയിരിക്കുന്നത്. എന്തുകൊണ്ട് സീൻ എന്ന പേര് തിരഞ്ഞെടുത്തു എന്ന് സിനിമ കാണുമ്പോഴെ മനസിലാകൂ.. എല്ലാ അർത്ഥത്തിലും സീൻ എന്ന പേര് കഥയോട് അടുത്തുനിൽക്കുന്നു.
ചില പ്രത്യേക കാരണങ്ങളാൽ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന ഡിഎസ്പി ഇൻപരാജ് ഒരു കേസിന്റെ പുനരന്വേഷണത്തിന് എത്തുന്നതും സീരിയിൽ കില്ലറെ തേടിയുള്ള അന്വേഷണവുമാണ് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ പറയുന്നത്. പതിവ് കുറ്റാന്വേഷണ ത്രില്ലറുകളിൽ നിന്നും സീരിയൽ കില്ലർ സിനിമകളിൽ നിന്നും വേറിട്ട വഴികളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. ആദ്യ പകുതി കോമഡിയിലൂടയാണെങ്കിൽ രണ്ടാം പകുതി കുറച്ചു കൂടി ത്രില്ലിംഗും എൻഗേജിംഗും ആകുന്നുണ്ട്. എന്നാൽ ആ ടെമ്പോ തുടർന്ന് നിലനിറുത്താനാകുന്നില്ല എന്ന പോരായ്മയുണ്ട്. സീരിയൽ കില്ലറെ ആദ്യമേ തന്നെ വെളിപ്പെടുത്തുന്നത് കൊണ്ട് വേറെ ചില എലമൻസ് ആണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സും പ്രവചിക്കാനാവുന്നതും അത്ര പഞ്ചും ഇല്ലാത്തതുമായിപ്പോയി.

ജോലിയിൽ നിന്ന് എന്തുകൊണ്ട് ഇൻപരാജ് വിട്ടുനിൽക്കുന്നു എന്നത് സിനിമയിലെ ഒളിഞ്ഞിരിക്കുന്ന സസ്പെൻസുകളിലൊന്നാണ്. ഈശ്വരൻ എന്ന സീരിയൽ കില്ലറായി നസ്ലെൻ എത്തുമ്പോൾ ഇൻപരാജിന്റെ സഹായി മായ എന്ന കഥാപാത്രത്തെ നസ്രിയ അവതരിപ്പിക്കുന്നു. ചിരിച്ചു കൊണ്ട് കൊല്ലുന്ന സീരിയൽ കില്ലറായി ആദ്യ തമിഴ് ചിത്രത്തിൽ നസ്‌ലെൻ ഗംഭീര പ്രകടനമാണ് പുറത്തടുത്തത്. ഈശ്വരനായി ഡയലോഗ് ഡെലിവറിയിലും ചലനങ്ങളിലും പുതിയൊരു നസ്‌ലനെ സിനിമയിൽ കാണാനാകും. നസ്രിയയും സൂര്യക്കൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ആക്ഷൻ രംഗങ്ങളിലും നസ്രിയ തിളങ്ങി.
ലുക്കിലും അവതരണത്തിലും ആരാധകർ ഇഷ്ടപ്പെടുന്ന സൂര്യയെയാണ് ഇൻപരാജിലൂടെ സംവിധായകൻ അവതരിപ്പിച്ചത്. ലാൽ, ആനന്ദരാജ്, രാജ് പ്രിയൻ എന്നിവർക്കൊപ്പം മലയാളത്തിലെ യുവസൂപ്പർതാരത്തിന്റെ ഗസ്റ്റ് റോളും എടുത്തുപറയേണ്ടതുണ്ട്. സുഷിൻ ശ്യാമിന്റെ സംഗീതവും പശ്ചാത്തല സംഗീതവും തമിഴിലെത്തിയപ്പോഴും ഒട്ടും നിരാശപ്പെടത്തിയില്ല. ചിത്രത്തെ ആസ്വാദ്യമാക്കുന്നതിൽ സുഷിന്റെ സംഗീതവും നല്ല പങ്കു വഹിക്കുന്നുണ്ട്. സീൻ ബൈ സീൻ എന്റർടൈൻമെന്റിന് തിയേറ്ററിൽ നിങ്ങൾക്കും ടിക്കറ്റെടുക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |