SignIn
Kerala Kaumudi Online
Friday, 25 September 2026 2.35 AM IST

'നടന്നത് ഹീനമായ രാഷ്ട്രീയ നാടകം, രാഹുലിന്റെ വണ്ടിയിൽ കഞ്ചാവ് വച്ച് പിടിപ്പിച്ചില്ലല്ലോയെന്ന ആശ്വാസത്തിലാണ് യുഡിഎഫ്'

READ ENGLISH VERSION
v-d-satheesan

പാലക്കാട്: കൊടകരയിൽ കുടുങ്ങിയ ബിജെപിയെ ബാലൻസ് ചെയ്യിക്കാൻ സിപിഎം തയ്യാറാക്കിയ തിരക്കഥയായിരുന്നു പാലക്കാട്ടെ ഹോട്ടലിൽ കണ്ടതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഹീനമായ രാഷ്ട്രീയ നാടകമായിരുന്നു റെയ്ഡെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിനായി ട്രോളി ബാഗിൽ കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് വനിതാനേതാക്കൾ താമസിച്ചിരുന്ന മുറിയിൽ അർദ്ധരാത്രി പൊലീസ് നടത്തിയ പരിശോധനയിൽ പ്രതികരിക്കുകയായിരുന്നു വിഡി സതീശൻ.

'രാഹുൽ മാങ്കൂട്ടത്തിലിന്റെ വണ്ടിയിൽ കഞ്ചാവ് കൊണ്ട് വച്ച് പിടിപ്പിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഞങ്ങൾ. സിപിഎമ്മിന്റെ അടിമക്കൂട്ടമായ പൊലീസ് ഉദ്യോഗസ്ഥർ ചെവിയിൽ നുള്ളിക്കോളൂ. കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഹീനമായ രാഷ്ട്രീയ നാടകമാണ് ഇന്നലെ കണ്ടത്. പൊലീസ് കൈവശം വയ്ക്കേണ്ട സിസിടിവി ദൃശ്യങ്ങൾ ആദ്യം എടുത്ത് മാദ്ധ്യമങ്ങൾക്ക് നൽകിയത് സിപിഎമ്മാണ്. താനിതെല്ലാം ആദ്യം കണ്ടുവെന്ന് പറയുന്ന സിപിഎം ജില്ലാ സെക്രട്ടറി പാലക്കാട് എസ്പിയാണോ? കൊടകരയിൽ കുടുങ്ങിയ ബിജെപിയെ ബാലൻസ് ചെയ്യിക്കാൻ സിപിഎം തയ്യാറാക്കിയ തിരക്കഥയാണ് ഹോട്ടലിൽ നടന്ന റെയ്ഡ്.

ട്രോളിയിൽ അല്ലാതെ തക്കാളിപ്പെട്ടിയിലാണോ സിപിഎം നേതാക്കൾ വസ്ത്രങ്ങൾ കൊണ്ടുവരുന്നത്? മാദ്ധ്യമ പ്രവർത്തകരും സിപിഎം നേതാക്കളും താമസിക്കുന്ന ഹോട്ടലിൽ പണം വിതരണത്തിന് എത്തിക്കുമോ? ബിജെപി-സിപിഎം പ്രവർത്തകരെയും ഒരു ചാനലിനെയും എത്തിച്ചാണോ പൊലീസ് റെയ്ഡ് നടത്തേണ്ടത്. ഈ സംഭവത്തോടെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭൂരിപക്ഷം കൂടും'- വിഡി സതീശൻ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UDF, LDF, DRAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA