
തിരുവനന്തപുരം: മുൻ സർക്കാർ തുടങ്ങിവെച്ച കെ.പദ്ധതികളുടെ ഭാവി അനിശ്ചിതത്വത്തിൽ. മഞ്ഞക്കുറ്റി വിവാദത്തിൽപ്പെട്ട കെ.റെയിൽ, കിഫ്ബി,കെ.ഫോൺ,കെ.സ്മാർട്ട്,കെ ഡിസ്ക്,കെ.സ്റ്റോർ, കെ.ഫൈ,കെ.അസാപ്,കുസും തുടങ്ങി നിരവധി പദ്ധതികളാണ് അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നത്.
കിഫ്ബി അടക്കം പല 'കെ' പദ്ധതികളെയും അവഗണിച്ചാണ് പുതിയ യു.ഡി.എഫ് സർക്കാർ ബഡ്ജറ്റ് അവതരിപ്പിച്ചത്.പകരം നോളജ് വാലി, അർബൻ ഗ്രോത്ത് മിഷൻ, ഡിസാസ്റ്റർ റെസിലിയൻസ് പ്രോഗ്രാം, ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി, സിൽവർ ഇക്കോണമി എന്നിങ്ങനെ ഒരുപിടി പുതിയ പദ്ധതികളുടെ പ്രഖ്യാപനമാണ് പുതിയ ബഡ്ജറ്റിലുള്ളത്. മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ ചില ക്ഷേമപദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുമെന്നതും പുതിയ സർക്കാരിന്റെ നയമാണ്.മുൻ യു.ഡി.എഫ്.സർക്കാരിന്റെ പദ്ധതികളുടെ പേരുമാറ്റിയും കേന്ദ്രപദ്ധതിയുമായി കൂട്ടിക്കെട്ടിയും കൊണ്ടുവന്നതാണ് എൽ.ഡി.എഫ് സർക്കാരിന്റെ കെ.പദ്ധതികളെന്ന് യു.ഡി.എഫ്.കരുതുന്നു.
ഇവയെല്ലാം രാഷ്ട്രീയ താത്പര്യം വച്ച് തുടങ്ങിയവയാണെന്നാണ് പുതിയ സർക്കാരിന്റെ കാഴ്ചപ്പാട്. ലാഭദായകമല്ലാത്ത പദ്ധതികളായാണ് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി.സതീശൻ വിലയിരുത്തുന്നത്. സാമ്പത്തിക നേട്ടമില്ലാത്ത,നഷ്ടം വരുത്തുന്ന സ്ഥാപനങ്ങളെയും പദ്ധതികളെയും കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. കിഫ്ബിയെ കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ തന്നെ നിയോഗിച്ചിട്ടുമുണ്ട്. കേന്ദ്രപദ്ധതികളുടെ നോഡൽ ഏജൻസിയായ കെ.പദ്ധതികൾ കുറച്ചുകാലം തുടർന്നേക്കും. കെ.റെയിൽ,കുസും തുടങ്ങിയവ ആ വിഭാഗത്തിലാണ്. കെ.സ്മാർട്ട് പോലുള്ളവ ഇ-ഗവേണൻസിന്റെ ഭാഗമായതിനാൽ നിലനിന്നേക്കും. കെ.ഫൈ,കെ.ഫോൺ പോലുള്ളവയുടെ ഗതി എന്താകുമെന്ന് ആശങ്കയുണ്ട്. തദ്ദേശസ്ഥാപനങ്ങളെ ബന്ധിപ്പിച്ച് നെറ്റ് വർക്കുണ്ടാക്കുന്നത് ഉൾപ്പെടെ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളിൽ കെ.ഫോണിനെ ഉൾപ്പെടുത്തിയിട്ടില്ല. സർക്കാർ സ്ഥാപനങ്ങൾ കെ.ഫോൺ ഉപയോഗിക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ടെങ്കിലും മുൻസർക്കാരിന്റെ കാലത്തുപോലും പൂർണമായി നടപ്പാക്കാനായില്ല. നടപ്പാക്കിയയിടങ്ങളിൽ ബില്ലും അടക്കുന്നില്ല. പലയിടത്തും ബദൽ കണക്ഷൻ എന്ന നിലയിലാണ് കെ.ഫോൺ ഉപയോഗിക്കുന്നത്.ഇത്തവണ പല കെ.പദ്ധതികൾക്കും ബഡ്ജറ്റ് വിഹിതം നൂറു കോടിയിൽ താഴെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |