SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

വോട്ടിന് പണം ആരോപണം ഉണ്ടയില്ലാ വെടി: ശോഭാ സുരേന്ദ്രൻ

bjp

പാലക്കാട്: വോട്ടിന് പണം നൽകിയെന്ന ആരോപണം നിഷേധിച്ച് പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർത്ഥി ശോഭാസുരേന്ദ്രൻ. വിജയം ഉറപ്പായെന്ന് മനസിലായപ്പോൾ തന്നെ തോൽപ്പിക്കാൻ നേരത്തെ തയ്യാറാക്കിയ തിരക്കഥയാണിത്. സത്യം തെളിയിച്ചശേഷമേ ഇതിൽനിന്ന് പിന്മാറൂ എന്ന് കണ്ണാടി പഞ്ചായത്തിലെ ഒരു വൃദ്ധയ്ക്ക് ബി.ജെ.പി പ്രവർത്തക 5000 രൂപ നൽകിയെന്ന കോൺഗ്രസ് ആരോപണത്തിന് മറുപടിയായി ശോഭാസുരേന്ദ്രൻ പറഞ്ഞു.

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ ഉണ്ടയില്ലാവെടിയാണ്. വൃദ്ധയ്ക്ക് പണംകൊടുത്ത സ്ത്രീയുടെ മുഖം ദൃശ്യങ്ങളിൽ വ്യക്തമല്ല. ആ സ്ത്രീയെ തനിക്ക് അറിയില്ല. അവർ തന്റെ കാറിൽ കയറിയിട്ടില്ല. അവിടെ കോൺഗ്രസുകാരുടെ വാഹനങ്ങളും ഉണ്ടായിരുന്നു. അവർ ഇറക്കിയ സ്ത്രീയാകാം അത്.

താൻ പണം കൊടുക്കുന്നതായി ചൊവ്വാഴ്ചതന്നെ പരാതി ലഭിച്ചിരുന്നുവെന്നാണ് കളക്ടറുമായി സംസാരിച്ചപ്പോൾ അറിഞ്ഞത്. അതിനർത്ഥം തനിക്കെതിരെ നേരത്തെ തയ്യാറാക്കിയ തിരക്കഥയെന്ന് വ്യക്തം. കോൺഗ്രസ് പ്രവർത്തകർ തന്നെ വ്യക്തിപരമായി അപമാനിച്ചു.

ഇന്നലെരാവിലെ ഒരു ക്യാൻസർ രോഗിയെ കാണാൻ കണ്ണാടിയിൽ പോയപ്പോൾമുതൽ ഒരു കാർ തന്നെ പിന്തുടർന്നു. താൻ താമസിക്കുന്ന ചന്ദ്രനഗറിലെ വീടിനുസമീപം രാത്രി പതിനൊന്നിനു വന്ന വ്യക്തിയാണ് അതിലുണ്ടായിരുന്നത്. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്. കാറിലുണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ തങ്ങൾക്കുനേരെ ലൈംഗികമായ ആംഗ്യം കാണിച്ചപ്പോൾ ചോദ്യംചെയ്യാനാണ് പുറത്തേക്കിറങ്ങിയത്.

നിലവിലെ എം.എൽ.എയ്ക്കെതിരായും കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരായും പരാതികൾ ലഭിച്ചിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ പത്താം തിയതിക്കുശേഷം പുറത്തുവിടുമെന്നും ശോഭ പറഞ്ഞു.

ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്

ബി.ജെ.പി സ്ഥാനാർത്ഥി ശോഭാസുരേന്ദ്രനൊപ്പം എത്തിയ പ്രവർത്തക കണ്ണാടി പഞ്ചായത്തിലെ 16-ാം വാർഡ് തരുവകുറിശ്ശി പടിഞ്ഞാറെമുറി വീട്ടിലെ ദേവു എന്ന വൃദ്ധയ്ക്ക് 5000 രൂപ നൽകിയെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. ഇന്നലെരാവിലെ പതിനൊന്നിന് മൂന്നു കാറുകളിലായാണ് ശോഭാസുരേന്ദ്രൻ, മുൻ നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ എന്നിവരുൾപ്പെടെ തരുവകുറുശ്ശിയിലെത്തിയത്. ഒരുമരണവീട് സന്ദർശിച്ചശേഷം സ്ഥാനാർത്ഥിയും സംഘവും തൊട്ടടുത്ത വീട്ടിലെ വൃദ്ധയെ കാണാനെത്തി. തുടർന്ന് ശോഭാസുരേന്ദ്രൻ കാറിലേക്ക് മടങ്ങിയപ്പോൾ കൂടെയുണ്ടായിരുന്ന സ്ത്രീ തിരികെയെത്തി വൃദ്ധയ്ക്ക് പണം നൽകിയെന്നാണ് ആരോപണം. സംഭവത്തിൽ യു.ഡി.എഫ് പരാതി നൽകി.

'ബി.ജെ.പി പണം

നൽകിയിട്ടില്ല'

സംഭവത്തിൽ തിരഞ്ഞെടുപ്പ് ഫ്ളയിംഗ് സ്‌ക്വാഡും സ്‌പെഷ്യൽ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തി. ബി.ജെ.പി പ്രവർത്തക പണം നൽകിയിട്ടില്ലെന്നാണ് വൃദ്ധയും കുടുംബവും പറഞ്ഞതെന്ന് ഫ്ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദൃശ്യങ്ങളിൽ കാണുന്ന പണം അവർക്കു ലഭിച്ച പെൻഷൻ കാശാണെന്നും അത് കൈയിൽ ഉണ്ടായിരുന്നതാണെന്നും വീട്ടുകാർ പറഞ്ഞെന്നും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA