SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

പയ്യന്നൂരിൽ വീടാക്രമിച്ചു; കാർ കത്തിച്ചു

car

പയ്യന്നൂർ: പയ്യന്നൂരിൽ യു.ഡി.എഫ് പിന്തുണയിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി വി.കു‌ഞ്ഞികൃഷ്ണനെ പിന്തുണച്ച സി.പി.എം. അംഗത്തിന്റെ വീടിനും കാറിനും നേരെ ആക്രമണം. എ.കെ.ജി ഭവൻ സി.പി.എം ബ്രാഞ്ച് അംഗവും മത്സ്യ കർഷകനും അക്വാകൾച്ചർ ഡവലപ്പ്‌മെന്റ് കോപറേറ്റീവ് സൊസൈറ്റി (അഡ്‌കോസ്) ചെയർമാനും കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റും ജലകർഷകൻ മാസികയുടെ എഡിറ്ററുമായ മാവിച്ചേരി ആസാദ് ഭവനിലെ ടി.പുരുഷോത്തമന്റെ വീടാണ് ആക്രമിച്ചത്. വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും മുറ്റത്ത് നിർത്തിയിട്ട കാർ തീവെച്ചു നശിപ്പിക്കുകയും ചെയ്തു.

വീടിന്റെ രണ്ടു ഭാഗങ്ങളിലെയും എട്ട് പാളി ജനലുകളും കാറിന്റെ ഗ്ലാസുകളും തകർത്ത അക്രമികൾ കാറിന് തീയിടുകയായിരുന്നു .വെള്ളിയാഴ്ച പുലർച്ചെ 12.30 ഓടെയാണ് അക്രമം നടന്നത്. പോർച്ചിലുണ്ടായിരുന്ന കാറിന്റെ ഗ്ലാസുകൾ അടിച്ച് തകർക്കുകയും അക്രമികൾ കൊണ്ടുവന്ന ഇന്ധനമൊഴിച്ച് കാറിന്റെ പിൻ ഭാഗത്തെ ടയറിനോട് ചേർന്ന് തീയിടുകയും ചെയ്തു. വീട്ടുകാർ വാട്ടർ പൈപ്പു ഉപയോഗിച്ച് തീയണക്കുകയായിരുന്നു.

യു.ഡി.എഫ്. പിന്തുണയോടെ പയ്യന്നൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച വി. കുഞ്ഞികൃഷ്ണന് അനുകൂലമായ നിലപാട് പുരുഷോത്തമൻ സ്വീകരിക്കുന്നതായി സാമൂഹിക മാദ്ധ്യമങ്ങളിലും മറ്റും പ്രചാരണമുണ്ടായിരുന്നു. സി.പി.എം. പുറത്താക്കിയ ശേഷം

ഗാന്ധിപാർക്കിൽ നടന്ന വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ സജീവമായി പുരുഷോത്തമൻ പങ്കെടുത്തിരുന്നു.

റൂറൽ ജില്ല പൊലീസ് മേധാവി അനൂജ് പലിവാൾ, പയ്യന്നൂർ ഡിവൈ.എസ്.പി പി.എൽ. ഷൈജു, ഇൻസ്‌പെക്ടർ സി. ബിനു എന്നിവരടങ്ങിയ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ വീട്ടിലെ നിരീക്ഷണ ക്യാമറയിൽ നിന്ന് മൂന്ന് ഇരുചക്ര വാഹനങ്ങളിലായി എത്തിയ അക്രമികളുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്. അക്രമത്തിൽ അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. പുരുഷോത്തമന്റെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.


തിരഞ്ഞെടുപ്പ് പ്രചാരണം

എഴുതിയ മതിൽ തകർത്തു


പയ്യന്നൂർ : യു.ഡി.എഫ്. പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമരെഴുത്ത് നടത്തിയ കോൺഗ്രസ് അനുഭാവി കാറമേൽ റേഷൻ കടക്ക് സമീപത്തെ കെ.പി.രേഖയുടെ പറമ്പിന്റെ ചുറ്റു മതിൽ തകർത്തു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.

15 മീറ്ററോളം മതിൽ തകർത്ത നിലയിലാണ് . ഉടമ പയ്യന്നൂർ പൊലീസിൽ പരാതി നൽകി.


റീത്തു വച്ചു

പയ്യന്നൂർ : സി.പി.എം. പ്രവർത്തകനും മുൻ നഗരസഭാ അന്നൂർ കിഴക്കേകൊവ്വൽ വാർഡ് കൗൺസിലറുമായ കാറമേലിലെ പി.വി.സുഭാഷിന്റെ വീടിന്റെ ഗെയിറ്റിന് മുന്നിൽ റീത്ത് വെച്ച നിലയിൽ. വെള്ളിയാഴ്ച രാവിലെയാണ് വീട്ടുകാർ കണ്ടത്.


പങ്കില്ലെന്ന് സി.പി.എം

പയ്യന്നൂർ : തിരഞ്ഞെടുപ്പിനെ തുടർന്ന് കാർ കത്തിച്ചതും വീടു തകർത്തതും അടക്കമുള്ള സംഭവങ്ങളിൽ സി.പി.എമ്മിന് പങ്കില്ലെന്നും പ്രതികളെ

ഉടൻ പിടികൂടണമെന്നും അക്രമങ്ങളെ അപലപിക്കുന്നതായും സി.പി.എം എരിയ സെക്രട്ടറി അഡ്വ.പി.സന്തോഷ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA