SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

ബൂത്തിലേക്ക് നീങ്ങുമ്പോഴും അണയാതെ വിവാദക്കനൽ

election

തിരുവനന്തപുരം: ഡീൽ ആരോപണത്തിൽ തുടങ്ങിയ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വിവാദക്കനൽ ബൂത്തിലേക്കുള്ള അവസാന നിമിഷവും അണയുന്നില്ല. പുതിയ വെളിപ്പെടുത്തലുകളും ആരോപണങ്ങളുമായി പോരടിക്കുകയാണ് മൂന്നു മുന്നണികളും.

പാലക്കാട്ട് ബി.ജെ.പി പ്രവർത്തക വോട്ടർക്ക് പണം നൽകുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടതായിരുന്നു നിശബ്ദ പ്രചാരണ ദിവസമായ ഇന്നലെ വിവാദമുയർത്തിയത്. കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതിയും നൽകി.

എന്നാൽ, ആരോപണം ഉണ്ടായില്ലാ വെടിയാണെന്നും പണം നൽകിയ സ്ത്രീയെ അറിയില്ലെന്നും തനിക്കൊപ്പമുണ്ടായിരുന്ന വ്യക്തിയല്ലെന്നും പറഞ്ഞായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതിരോധം. തന്നെ കാണാൻ എറണാകുളത്തു നിന്ന് ഒരു പെൺകുട്ടി വന്നെന്നും പത്താം തീയതിക്കുശേഷം കേരളം കളി കാണാൻ പോകുന്നേയുള്ളൂവെന്നും ശോഭ പറഞ്ഞത് ഈ അദ്ധ്യായത്തിന് തുടർച്ചയുണ്ടാകുമെന്നതിന്റെ സൂചനയാണ്.

അടൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.വി.ശാന്തകുമാറിനെതിരെ എൽ.ഡി.എഫ് പ്രവർത്തകർ വീടുകളിൽ ലഘുലേഖ വിതരണം ചെയ്തതും വിവാദമായി. ഇതിനെതിരെ പരാതി നൽകിയശേഷം മാദ്ധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായി പ്രതികരിച്ച സ്ഥാനാർത്ഥി, പെരുമാറ്റച്ചട്ട ലംഘനത്തിനുള്ള കേസിലും പെട്ടു.

മന്ത്രി വി.ശിവൻകുട്ടിയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ഏറ്റുമുട്ടുന്ന നേമത്ത് മദ്യവും പണവും ഒഴുക്കുന്നുവെന്ന് പരാതി ഉയർത്തിയത് ശിവൻകുട്ടിയുടെ ഇലക്ഷൻ ഏജന്റ് ജയിൽ കുമാറാണ്.

ഭക്ഷ്യക്കിറ്റും കള്ളവോട്ട്

ആരോപണവും

തൃശൂർ കേച്ചേരിയിൽ അച്ചാർ കമ്പനിയിൽ നിന്ന് 750 ഭക്ഷ്യക്കിറ്റുകൾ ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തതും വിവാദമായി. ബി.ജെ.പി നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണ് അച്ചാർ കമ്പനി. നേരത്തെ വാടാനപ്പള്ളിയിൽ നിന്നും വിതരണത്തിന് തയ്യാറാക്കി വച്ചിരുന്ന കിറ്റുകൾ പിടികൂടിയിരുന്നു. മഞ്ചേശ്വരത്ത് യു.ഡി.എഫ് വ്യാപകമായി കള്ളവോട്ടിന് ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകി. 8000 പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യു.ഡി.എഫ് ശേഖരിച്ചിട്ടുണ്ടെന്നാണ് ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA