
ടോക്കിയോ: മതങ്ങൾ മനുഷ്യനെ വേർതിരിക്കാനുള്ള മതിലുകളല്ലെന്നും, പരസ്പരം അറിയാനും സ്നേഹിക്കാനുമുള്ള വഴികളാണെന്നുമുള്ള മഹത്തായ ഗുരുദേവ ദർശനം ലോക സമൂഹത്തിലേക്ക് കൂടുതൽ വ്യാപിപ്പിക്കുന്നതിന് ജപ്പാനിലെ ടോക്കിയോയിൽ ലോക മത പാർലമെന്റ് സംഘടിപ്പിക്കും.ആലുവ സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സമ്മേളനം നടത്തുന്നത്.
1924ൽ ആലുവ അദ്വൈതാശ്രമത്തിൽ ഗുരുദേവൻ സംഘടിപ്പിച്ച സർവമത സമ്മേളനം ഭാരതത്തിന്റെ നവോത്ഥാന ചരിത്രത്തിലെ അപൂർവ അദ്ധായമായിരുന്നു.വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് മതങ്ങൾ സംവദിക്കേണ്ടതെന്ന ഗുരുദേവന്റെ ആഹ്വാനം നൂറ്റാണ്ടിനിപ്പുറവും ലോകത്തിന് വഴി കാട്ടുകയാണ്. യുദ്ധങ്ങളും സംഘർഷങ്ങളും മത വൈരങ്ങളും മനുഷ്യ സമൂഹത്തെ വെല്ലുവിളിക്കുന്ന കാലഘട്ടത്തിൽ, ഗുരുദേവന്റെ സർവമത സമന്വയ ദർശനത്തിന് ആഗോള തലത്തിൽ പ്രസക്തിയേറുന്ന സാഹചര്യത്തിലാണ് ടോക്കിയോ സമ്മേളനം .വിവിധ മതങ്ങളുടെയും ആത്മീയ ധാരകളുടെയും പ്രതിനിധികളും സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും..പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. ജി.ബാബുരാജൻ,സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ,ഓർഗനൈസർ ചാണ്ടി ഉമ്മൻ എം.എൽ.എ എന്നിവരുൾപ്പെട്ട കമ്മിറ്റി രൂപീകരിച്ചു.
ദൈവദശകം
ജാപ്പനീസ് പതിപ്പ്
ലോകമത പാർലമെന്റിന് മുന്നോടിയായി , ഗുരുദേവന്റെ വിശ്വമാനവ പ്രാർത്ഥനയായ ‘ദൈവദശക’ത്തിന്റെ ജാപ്പനീസ് പതിപ്പ് ജപ്പാനിലെ ജമൈക്കൻ അംബാസഡർ റിച്ചാർഡ്സിന് ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദയും ചാണ്ടി ഉമ്മൻ എം.എൽ.എ ചേർന്ന് സമ്മാനിച്ചു. യു.ഡി.എസ്.ഹോട്ടൽസ് ആൻഡ് റിസോർട്സ് ചെയർമാൻ ഡോ. രാജശേഖരൻ നായർ, ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.വി.കെ. ജയകുമാർ,എ.ഐ.സി.സി കോ-ഓർഡിനേറ്റർ അഡ്വ.അനിൽ ബോസ്,വേൾഡ് മലയാളി ഫെഡറേഷൻ ദേശീയ കോ- ഓർഡിനേറ്ററും ടോക്കിയോ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ ബിനു പോൾ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ:ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവ പ്രാർത്ഥനയായ ‘ദൈവദശക’ത്തിന്റെ ജാപ്പനീസ് പതിപ്പ് ‘ദി ഗ്ലോബൽ പെർസ്പെക്ടീവ് ലീഡർഷിപ്പ് ഫോറ’ത്തിൽ ജപ്പാനിലെ ജമൈക്കൻ അംബാസഡർ റിച്ചാർഡ്സിന് ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദയും ചാണ്ടി ഉമ്മൻ എം.എൽ.എയും ചേർന്ന് കൈമാറുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |