
കൊച്ചി: മുനമ്പം ഭൂമി വഖഫ് ബോർഡിന്റേതാണെന്ന് പുതിയ ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജി നിലപാടെടുത്തതോടെ പ്രദേശവാസികൾ വീണ്ടും സമരത്തിലേക്ക്. മുസ്ളിം ലീഗ് വൈസ് പ്രസിഡന്റായ മായിൻ ഹാജിയുടെ വാക്കുകൾ, മുനമ്പം വഖഫ് ഭൂമിയല്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിന് വിരുദ്ധമാണ്.
മുനമ്പം സമരസമിതി നാളെ കലൂരിലെ വഖഫ് ബോർഡ് ഓഫീസിൽ സായാഹ്ന ധർണ നടത്തും. വൈകിട്ട് 3ന് ഫാ. ജോഷി മയ്യാറ്റിൽ ഉദ്ഘാടനം ചെയ്യും. മുനമ്പം ഭൂസംരക്ഷണ സമിതി അടുത്ത ദിവസം മുനമ്പത്ത് ജാഥ നടത്തും. മുനമ്പം പള്ളിയിൽ നിന്ന് മെഴുകുതിരികൾ തെളിച്ച് ബീച്ചിൽ മുനമ്പം ഗാപ്പിലെത്തി പ്രാർത്ഥിക്കും.
ഒരു വർഷമായി അടങ്ങിക്കിടക്കുകയാണ് സമരം. കരമടയ്ക്കാൻ റവന്യൂ വകുപ്പ് അനുവദിച്ചതിനെ തുടർന്നാണ് മുനമ്പം ഭൂസംരക്ഷണ സമിതി സമരം നിറുത്തിയത്. ഭൂസംരക്ഷണ സമിതിയിൽ നിന്ന് മാറി രൂപം കൊണ്ടതാണ് ബി.ജെ.പി ആഭിമുഖ്യമുള്ള മുനമ്പം സമരസമിതി. അന്നത്തെ സമരത്തിൽ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പിന്തള്ളി ബി.ജെ.പി മേൽക്കൈ നേടിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു വാർഡും ബി.ജെ.പി പിടിച്ചെടുത്തു.
കേന്ദ്ര സർക്കാരിന്റെ വഖഫ് നിയമഭേദഗതിക്ക് ശേഷവും മുനമ്പം ഭൂമി മുൻ ഇടത് ബോർഡ് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇതോടെ ഇടതുപക്ഷം പ്രതിരോധത്തിലായി. പിറകേയാണ് പുതിയ ബോർഡിന്റെ നിലപാട് യു.ഡി.എഫിനും പാരയായത്.
ഉമീദ് പോർട്ടൽ
രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ ആധികാരികത പരിശോധിച്ച് കേന്ദ്രീകൃതമായി കൈകാര്യം ചെയ്യാൻ 2025ജൂണിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ആരംഭിച്ചത്
മുൻകാലപ്രാബല്യമില്ലാത്ത വഖഫ് നിയമഭേദഗതി കൊണ്ട് ഒരു ഗുണവുമുണ്ടായില്ല. ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് തടയാൻ കേന്ദ്രം ഇടപെട്ടില്ല. സുപ്രീംകോടതിയിലെ കേസിൽ സംസ്ഥാന സർക്കാർ നിലപാട് മാറ്റിയാൽ പ്രശ്നം പരിഹരിക്കപ്പെടും
ജോസഫ് റോക്കി, ചെയർമാൻ
മുനമ്പം ഭൂസംരക്ഷണ സമിതി
ഉമീദ് പോർട്ടലിൽ മുനമ്പം ഭൂമി രജിസ്റ്റർ ചെയ്തതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ജനങ്ങൾ ചതിക്കപ്പെട്ടതുകൊണ്ടാണ് മുനമ്പം സമരസമിതി രൂപീകരിക്കേണ്ടി വന്നത്. സമരം സെക്രട്ടേറിയറ്റ് നടയിലേക്കും വ്യാപിപ്പിക്കും
ഫിലിപ്പ് ജോസഫ്
മുനമ്പം സമരസമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |