SignIn
Kerala Kaumudi Online
Sunday, 04 October 2026 1.19 AM IST

സൗദിയിൽ വാഹനാപകടം രണ്ട് മലയാളി നഴ്സുമാർ  ഉൾപ്പെടെ 5 പേർ മരിച്ചു

jaisy-mol

കോട്ടയം : സൗദിയിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം സ്വദേശിനികളായ രണ്ട് നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. കോട്ടയം കിടങ്ങൂർ മറ്റത്തിൽ ഫ്രെഡി ജോസിന്റെ ഭാര്യ ജെയ്‌സിമോൾ മാത്യു (46), ഏറ്റുമാനൂർ വേദഗിരി ആനചെരിഞ്ഞകുന്നേൽ ജോണിയുടെ മകൾ ജോബിന ജോണി (26) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന സഹപ്രവർത്തകരും തമിഴ്‌നാട് സ്വദേശിനികളുമായ വിജയലക്ഷ്മി ജഗദീഷ് (36), ഹെപ്‌സിബ ദേവമണി (33) എന്നിവരും വാഹനം ഓടിച്ചിരുന്ന സൗദി പൗരനുമാണ് മരിച്ച മറ്റുള്ളവർ. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള തായിഫ് ഗവർറേറ്റിലെ അൽ ഗഫ, അൽ അവെയ്‌ല സർക്കാർ ഡിസ്‌പെൻസറികളിലെ ജീവനക്കാരായിരുന്നു ഇവർ. വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ച സാധനങ്ങൾ വാങ്ങുന്നതിനായി മക്ക പ്രവിശ്യയിലെ തായിഫ് റാനിയയിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം. റാനിയയിൽ നിന്ന് 40 കിലോമീറ്റർ അകലെ വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അഞ്ചുപേരും സംഭവസ്ഥലത്ത് മരിച്ചതായാണ് വിവരം. മൃതദേഹങ്ങൾ റാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജോബിനയുടെ മാതാവ് : ബീന. സഹോദരൻ : ജോഷ്വാ. സംസ്‌കാരം പിന്നീട് വേദഗിരി സെന്റ് മേരീസ് ചർച്ചിൽ. മറ്റക്കര കൊണ്ടൂർ മത്തായി - ഏലിയാമ്മ ദമ്പതികളുടെ മകളാണ് ജെയ്‌സിമോൾ. മക്കൾ : ജസ്റ്റീന, ജൂഡിത്, ജോഷ്വാ (മൂവരും വിദ്യാർത്ഥികൾ). സംസ്‌കാരം പിന്നീട് കിടങ്ങൂർ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പള്ളിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA