SignIn
Kerala Kaumudi Online
Friday, 19 June 2026 1.26 PM IST

'സിനിമാമേഖലയ്ക്ക് ഉണർവും വളർച്ചയുമുണ്ടാകും'; പുതിയ ബഡ്ജറ്റിൽ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് മോഹൻലാൽ

mohanlal

കൊച്ചി: സംസ്ഥാന ബഡ്ജറ്റിൽ സിനിമയ്ക്ക് വ്യാവസായിക പദവി നൽകിയ സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് നടൻ മോഹൻലാൽ. പുതിയ ബഡ്ജറ്റിൽ സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സർക്കാരിന്റെ തീരുമാനം സിനിമാമേഖലയ്ക്ക് പുത്തൻ ഉണർവും വളർച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീർച്ചയാണെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ആയിരക്കണക്കിന് സിനിമാപ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്ന പ്രഖ്യാപനത്തിന് മുൻകൈയെടുത്ത, മുഖ്യമന്ത്രി വിഡി സതീശനും സാംസ്‌കാരിക വകുപ്പുമന്ത്രി പിസി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദിയെന്ന് മോഹൻലാൽ കുറിച്ചു.

ബഡ്ജറ്റിൽ മലയാളസിനിമയുടെ സമഗ്രവികസനം യാഥാർത്ഥ്യമാക്കുന്നതിനുള്ള പദ്ധതികളാണ് യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ചത്. കൊച്ചിയിൽ ജെ സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ബഡ്ജറ്റിൽ 100 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് വ്യാവസായിക പദവി നൽകൽ, ആന്റി പൈറസി സെൽ രൂപീകരിക്കൽ തുടങ്ങിയവയ്ക്കുള്ള പദ്ധതികളും ബഡ്ജറ്റിൽ മുന്നോട്ട് വച്ചു. സംസ്ഥാനത്തെ ചലച്ചിത്ര മേഖലയിൽ ദേശീയ അന്തർദേശീയ സാഹചര്യമൊരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കേരളത്തിന്റെ തനത് കലാസാംസ്‌കാരിക മേഖലയെ വളർത്തുന്നതിനും ബഡ്ജറ്റ് മുൻഗണന നൽകും. വിവിധ കലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനായി എം ടി വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് ജില്ലയിൽ കൾച്ചറൽ പാർക്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇവിടെ കഥകളി, കൂത്ത്, തെയ്യം, തുള്ളൽ, ഒപ്പന, മാപ്പിളപ്പാട്ട്, മാഗംകളി, വിവിധ ഗോത്രകലാരൂപങ്ങൾ തുടങ്ങിയവ അവതരിപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL, CINEMA, KERALA BUDGET 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA