SignIn
Kerala Kaumudi Online
Tuesday, 22 September 2026 11.21 PM IST

അരിക്കൊമ്പൻ തൊട്ടരികെ:വീണ്ടും കേരളത്തിൽ എത്താൻ സാദ്ധ്യത

arokomban

തിരുവനന്തപുരം: കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ മുതുകുഴിയിൽ തുറന്നുവിട്ട അരിക്കൊമ്പൻ സഹ്യപർവതം പിന്നിട്ട് വീണ്ടും കേരളത്തിലെത്തുമോ എന്ന ആകാംക്ഷയിലാണ് മലയാളികൾ. സാദ്ധ്യത വനം വകുപ്പ് തള്ളുന്നില്ല. എന്നാൽ ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. കഴിഞ്ഞദിവസം നടന്ന വനം മന്ത്രിയുടെ യോഗത്തിൽ അരികൊമ്പൻ ചർച്ചയായതേയില്ല.

മുണ്ടൻതുറൈ കടുവാ സങ്കേതത്തിന്റെ ഉൾമേഖലയിലാണ് അരിക്കൊമ്പനെ ഇറക്കിവിട്ടത്. കടുവ സാന്നിദ്ധ്യമുള്ള ഇവിടെ നിന്ന് കൂടുതൽ ഉൾവനത്തിലേക്കാവും ആന പോവുക. ഈ ദിശയിൽ 50 കിലോമീറ്റർ സഞ്ചരിച്ചാൽ കേരളത്തിന്റെ കിഴക്കൻ അതിർത്തിയിൽ എത്തും. സഹ്യമലനിരകളിലെ ചരിവുകൾ പിന്നിട്ടാൽ കേരളത്തിലെത്താൻ ഒരു ദിവസം മതി.

ആനയുടെ കഴുത്തിലെ റേഡിയോ കോളറിലൂടെ ലഭിക്കുന്ന വിവരം അനുസരിച്ച് ആന നിലവിൽ തമിഴ്നാട് അപ്പർ കോതയാർ വനമേഖലയിലെ ഗോതായി നദിയോട് ചേർന്ന ഉൾവനത്തിലാണ്. തുമ്പിക്കൈയിലെയും കാലിലെയും പരിക്ക് കാരണം ഏറെ ദൂരം സഞ്ചരിച്ചിട്ടില്ല .റേഡിയോകോളറിലെ ജി.പി.എസ് മൈക്രോ ചിപ്പ് സെൻസറുകളിൽ നിന്ന് ലഭിക്കുന്ന ചെറുചലനങ്ങൾ അനുസരിച്ച് ആന ഭക്ഷണം കഴിക്കുന്നുണ്ടെന്ന് തമിഴ്നാട് വനം വകുപ്പ് അധികൃതർ പറയുന്നു.
അഗസ്ത്യമല ബയോസ്‌ഫിയർ റിസർവിലുൾപ്പെട്ട കേരളത്തിലെ നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾക്കും തമിഴ്‌നാട്ടിലെ മുണ്ടൻതുറൈ കടുവ സങ്കേതത്തിനും ഇടയിലുള്ള അതിരാണ് സഹ്യപർവത നിര. ഇതിലെ പേപ്പാറ വന്യജീവി സങ്കേതത്തിലെ ഏറ്റവും പൊക്കമുള്ള ഭാഗമായ അഗസ്ത്യാർകൂടം കുറ്റിച്ചൽ പഞ്ചായത്തിലാണ്. സമീപത്തെ ആര്യനാട്, വിതുര, കള്ളിക്കാട് പഞ്ചായത്തുകളിൽ സഹ്യപർവനിര അഗസ്ത്യമലയോളം ഉയരമുള്ളതല്ല. നെയ്യാർ വനമേഖലയിലെത്താനും കയറ്രിറക്കങ്ങൾ അധികമില്ല.

ബ്രിട്ടീഷ് കാലത്ത് തമിഴ്നാട്ടിനെയും കേരളത്തെയും ബന്ധിപ്പിച്ചിരുന്ന ട്രാവൻകൂർ പാസ് വേ എന്നറിയപ്പെടുന്ന കല്ലാർ - അംബാസമുദ്രം പാത ഉണ്ടായിരുന്ന മേഖലയാണ് സഹ്യപർവ്വത്തിന്റെ കിഴക്കൻ ചരിവ് . പാതയുടെ ഒരറ്റമായ കല്ലാറിൽ നിന്ന് തുടങ്ങി ബോണക്കാട് മേഖലയിലേക്ക് നീളുന്ന ഭാഗം വിതുര പഞ്ചായത്തിലാണ് . പാണ്ടിപ്പത്ത് വരെയുള്ള തമിഴ്നാട് അതിർത്തിയിൽ പാത നിലവിലുണ്ട്. വലിയ കയറ്റിറക്കങ്ങൾ ഇല്ലാത്ത മേഖലയിലൂടെ 35 കിലോ മീറ്റർ സഞ്ചരിച്ചാൽ കേരളത്തിലെത്താം .

കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തോട് ചേർന്ന് ജനവാസമേഖല കുറവാണ്. കടുവാ സങ്കേതത്തിന് പിറകിലായി കട്ടളൈമലൈ എസ്റ്റേറ്റുണ്ട്. അഗസ്ത്യമലയിൽ നിന്ന് ഉത്ഭവിച്ച് തമിഴ്‌നാട്ടിലേക്ക് ഒഴുകുന്ന താമ്രപർണ്ണിയും കോതയാറും കാരയാറും മണിമുത്താറുമെല്ലാം ഈ മേഖലയെ ജലസമൃദ്ധമാക്കുന്നുണ്ട്. കൂടാതെ നിരവധി ചെറു നദികളും വെള്ളച്ചാട്ടങ്ങളും. ഭക്ഷണവും വെള്ളവും ലഭ്യമായതിനാൽ അരികൊമ്പൻ ഈ പ്രദേശം വിട്ടുപോകില്ലെന്ന് കരുതുന്നവരുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARIKOMBAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA