കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ കേസിൽ ജാമ്യത്തിലിറങ്ങിയ അശ്വന്ത് കോക്കിനെതിരെ വീണ്ടും കേസ്. ലൈസൻസില്ലാതെ വാഹനമോടിച്ചതിനാണ് നടപടി. കാലാവധി കഴിഞ്ഞ ലൈസൻസാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. 2005 ഫെബ്രുവരി 17ന് അനുവദിച്ച ലൈസൻസിന് 2025 ഫെബ്രുവരി 16വരെ മാത്രമാണ് കാലാവധിയുണ്ടായിരുന്നത്.
കഴിഞ്ഞയാഴ്‌ചയാണ് അശ്വന്ത് മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. ഇയാൾ ഓടിച്ചിരുന്ന വാഹനം കാറിലും ഇരുചക്രവാഹനത്തിലും ഇടിച്ചാണ് അപകടം ഉണ്ടായത്. പിന്നാലെ വാഹനവുമായി കടന്നുകളയാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. നടക്കാവ് പൊലീസ് അശ്വിനെ കസ്റ്റഡിയിലെടുത്തെങ്കിലും വൈദ്യപരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്‌തശേഷം ജാമ്യത്തിൽ വിട്ടയച്ചിരുന്നു. അശ്വന്ത് ഓടിച്ച വാഹനമിടിച്ച് തകരാർ സംഭവിച്ച വാഹനങ്ങളുടെ ഉടമകൾ നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.
സംഭവദിവസം പൊലീസ് ലൈസൻസ് ആവശ്യപ്പെട്ടെങ്കിലും എടുക്കാൻ മറന്നെന്നാണ് അശ്വന്ത് മറുപടി നൽകിയത്. പൊലീസിന്റെ നിർദേശപ്രകാരം പിന്നീട് സ്റ്റേഷനിൽ സമർപ്പിച്ച ലൈസൻസ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞ വിവരം പുറത്തായത്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് നടക്കാവ് പൊലീസ് അറിയിച്ചു. മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് അഞ്ച് വർഷത്തേക്ക് അശ്വന്തിന്റെ ലൈസൻസ് പുതുക്കി നൽകില്ലെന്ന് മോട്ടോർ വാഹന വകുപ്പും വ്യക്തമാക്കി.
ജാമ്യത്തിലിറങ്ങിയതിനുപിന്നാലെ കഴിഞ്ഞ ദിവസം യൂട്യൂബിൽ പങ്കുവച്ച സിനിമാ റിവ്യൂവിൽ തനിക്ക് സംഭവിച്ചത് തെറ്റാണെന്ന് അശ്വന്ത് സമ്മതിച്ചിരുന്നു. ഇനി ഒരിക്കലും ആ തെറ്റ് ആവർത്തിക്കില്ലെന്നും അശ്വന്ത് വ്യക്തമാക്കിയിരുന്നു.
Kozhikode police have booked actor and YouTuber Ashwanth Kokku for driving under the influence and with an expired licence. His licence, issued in 2005, expired on February 16, 2025. The Motor Vehicles Department said he will not be allowed to renew it for five years.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |