തിരുവനന്തപുരം: പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പ്രവർത്തകർക്ക് നിർദേശം നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രളയ മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ബിജെപി പ്രവർത്തകർ രംഗത്തുണ്ട്. എന്നാൽ സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിൽ മുഴുവൻ പാർട്ടി സംവിധാനങ്ങളും പുനരധിവാസ പ്രവർത്തനങ്ങളിൽ പൂർണ്ണമായും സജീവമാകണം.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ഉൾപ്പെടെ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രളയം സൃഷ്ടിച്ച നാശനഷ്ടങ്ങൾ അതീവ ഗുരുതരമാണെന്നും സംസ്ഥാന സർക്കാർ ജനങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു.
നിരവധി കുടുംബങ്ങൾക്ക് ഇപ്പോഴും സ്വന്തം വീടുകളിലേക്ക് മടങ്ങാനാകാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടി വരികയാണ്. വെള്ളം ഇറങ്ങിയ പ്രദേശങ്ങളിൽ പോലും കനത്ത ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയതിനാൽ വീടുകളും പരിസരവും കിണറുകളും മലിനമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ജീവനോപാധികൾ നഷ്ടപ്പെട്ടവരും കൃഷിയും ചെറുകിട വ്യാപാരവും തകർന്നവരും ഉൾപ്പെടെ വലിയൊരു വിഭാഗം ജനങ്ങൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
പ്രളയത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപി പ്രവർത്തകർ മാതൃകാപരമായ സേവന പ്രവർത്തനങ്ങളുമായി രംഗത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോഴാണ് ദുരിതബാധിതരെ കൂടുതൽ കൈപിടിച്ചുയർത്തേണ്ട സമയം. ക്യാമ്പുകളിൽ കഴിയുന്നവരെ സഹായിക്കുന്നതോടൊപ്പം വീടുകളിലേക്ക് മടങ്ങുന്ന കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്.
വീടുകളും പരിസരങ്ങളും ശുചീകരിക്കുക, ചെളിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യുക, മലിനമായ കിണറുകൾ വൃത്തിയാക്കി ശുദ്ധജലം ലഭ്യമാക്കുക, ഭക്ഷ്യധാന്യങ്ങളും അവശ്യസാധനങ്ങളും എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് എല്ലാ പ്രദേശങ്ങളിലുമുള്ള ബിജെപി പ്രവർത്തകർ നേതൃത്വം നൽകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സർക്കാർ സംവിധാനങ്ങളെ മാത്രം ആശ്രയിച്ചാൽ എല്ലാ ദുരിതബാധിതരിലേക്കും സമയബന്ധിതമായി സഹായം എത്തിക്കാൻ കഴിയില്ല. അതുകൊണ്ട് സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ദുരിതബാധിത മേഖലകളിലെ രക്ഷാപ്രവർത്തനങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലും സജീവമായി പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സംഘടനാതലത്തിൽ ബിജെപി സംസ്ഥാന നേതൃത്വം നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് എല്ലാ ഘടകങ്ങളും പ്രവർത്തകരും ബിജെപിയുടെ ജനപ്രതിനിധികളും ഏകോപനത്തോടെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമാകണമെന്നും രാജീവ് ചന്ദ്രശേഖർ നിർദേശിച്ചു.
Rajeev chandrasekhar said that relying solely on government systems is not enough to ensure timely assistance reaches all disaster-affected people. Therefore, active participation and collective support from society are essential to provide effective relief.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |