
കോട്ടയം: കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഏത് ലക്ഷ്യവും കീഴടക്കാമെന്ന് തെളിയിച്ച് കാനഡ പൊലീസിൽ മലയാളി തിളക്കം. കോട്ടയം എരുമേലി സ്വദേശിയായ ക്രിസ്റ്റൻ ജോസാണ് കാനഡയിലെ ടൊറന്റോ പൊലീസ് സർവീസിൽ ഉദ്യോഗസ്ഥനായി ചുമതലയേറ്റ് കേരളത്തിന് അഭിമാനമായത്.
2025ലാണ് ക്രിസ്റ്റൻ ടൊറന്റോ പൊലീസ് സർവീസിലേക്ക് അപേക്ഷിച്ചത്.കഠിനമായ ശാരീരികക്ഷമതാ പരീക്ഷണങ്ങൾ, നിയമ-അക്കാദമിക് പരീക്ഷകൾ, ഇന്റർവ്യൂകൾ എന്നിവ തരണം ചെയ്ത് അക്കഴിഞ്ഞ ജനുവരിയിലാണ് നിയമന ഉത്തരവ് ലഭിച്ചത്.ടൊറന്റോ പൊലീസ് അക്കാദമി,പൊലീസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പരിശീലനം. പ്രവിശ്യയിലെ മുഴുവൻ പൊലീസ് സർവീസുകളിൽ നിന്നുമുള്ള റിക്രൂട്ടുകൾ പങ്കെടുത്ത പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് 'ടോപ്പ് 25' റാങ്കിൽ ഉൾപ്പെട്ടാണ് ജൂൺ 19ന് ഗ്രാജുവേഷൻ പൂർത്തിയാക്കിയത്. തുടർന്ന് ടൊറന്റോ പൊലീസ് കോളേജിൽ നിന്നുള്ള അഡ്വാൻസ്ഡ് മെട്രോപൊളിറ്റൻ ടാക്റ്റികിക്കൽ ലീഗൽ ട്രെയിനിംഗും വിജയകരമായി പൂർത്തിയാക്കി.
കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസവും അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗും പൂർത്തിയാക്കിയ ക്രിസ്റ്റൻ 2018ലാണ് ഉപരിപഠനത്തിനായി കാനഡയിലേക്ക് കുടിയേറിയത്. ടൊറന്റോ ലാംബ്ടൺ കോളേജിൽ നിന്ന് 'ക്വാളിറ്റി എൻജിനീയറിംഗ് മാനേജ്‌മെന്റ്' കോഴ്സിന് ശേഷം ടി.ഡി ബാങ്കിന്റെ ടൊറന്റോ ആസ്ഥാനത്തെ ഓപ്പറേഷൻസ് കോർഡിനേറ്ററായി ജോലി ചെയ്തുവരികയായിരുന്നു.
നാലു ചുവരുകൾക്കുള്ളിലെ കോർപ്പറേറ്റ് ജോലി മടുപ്പിച്ചപ്പോഴാണ് സമൂഹത്തിന് ഉപകാരപ്രദമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മനസ്സിലുദിക്കുന്നത്. അങ്ങനെയാണ് കാനഡ പൊലീസിന്റെ ഭാഗമാകാൻ തീരുമാനിച്ചതെന്ന് ക്രിസ്റ്റൻ കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു.സി.എ. ജോസഫ്-മോളി ജോസഫ് ദമ്പതികളുടെ മകനാണ് ക്രിസ്റ്റൻ ജോസ്. ഭാര്യ: അഷ്മി ക്രിസ്റ്റൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |