SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.30 AM IST

അരക്കൊല്ലത്തെ എം.ബി.ബി.എസ് ഫീസ് തിരികെ നൽകണം: മെഡി. കമ്മിഷൻ

medi

തിരികെ നൽകേണ്ടി വരിക 3.3 മുതൽ നാല് ലക്ഷം വരെ

നാലര വർഷത്തെ കോഴ്സ്, ഈടാക്കുന്നത് അഞ്ച് വർഷ ഫീസ്

തിരുവനന്തപുരം: നാലര വർഷത്തെ എം.ബി.ബി.എസ് കോഴ്സിന് അധികമായി ഈടാക്കിയ അരവർഷത്തെ ഫീസ് തിരികെ നൽകണമെന്ന കർശനനിർദ്ദേശവുമായി ദേശീയ മെഡിക്കൽ കമ്മിഷൻ. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും കോളേജുകൾക്കുമാണ് കമ്മിഷൻ നിർദ്ദേശം നൽകിയത്. ഇത്തരത്തിൽ 3.3 മുതൽ 4 ലക്ഷം വരെ തുകയാണ് തിരികെ നൽകേണ്ടി വരിക. ചില കോളേജുകൾ അഞ്ചര വർഷത്തെ ഫീസ് വരെ ഈടാക്കിയിട്ടുണ്ടെന്നാണ് വിവരം.

ഇത്തരത്തിൽ അഞ്ച് വർഷ ഫീസീടാക്കുന്നത് നിയമവിരുദ്ധമാണെന്ന് കമ്മിഷൻ ഉപദേശക സമിതിയംഗവും ആരോഗ്യ സർവകലാശാലാ വി.സിയുമായ ഡോ.മോഹനൻ കുന്നുമ്മേൽ 'കേരളകൗമുദി'യോട് പറഞ്ഞു. 19 സ്വാശ്രയ മെഡിക്കൽ കോളേജിൽ 2,745 സീറ്റാണ് എം.ബി.ബി.എസിനുള്ളത്. അതേസമയം മൊത്തം കോഴ്സ് ഫീസ് അഞ്ച് തവണകളായി വാങ്ങുന്നതാണെന്നും അഞ്ച് വർഷത്തെ ഫീസല്ലെന്നുമാണ് മാനേജ്മെന്റുകളുടെ വാദം.

ഇത് ജസ്റ്റിസ് കെ.കെ.ദിനേശൻ അദ്ധ്യക്ഷനായ ഫീ റഗുലേറ്ററി കമ്മിറ്റിയും അംഗീകരിച്ചതാണ്. ഒന്നാം വർഷം നിശ്ചയിക്കുന്ന ഫീസ് അഞ്ച് വർഷവും ഈടാക്കുന്നത് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് നടപടി.

നാലര വർഷത്തെ (54 മാസം) അക്കാഡമിക് പഠനവും ഒരു വർഷത്തെ ഇന്റേൺഷിപ്പുമാണ് എം.ബി.ബി.എസിന്. പഠന കാലയളവിലേക്കേ ഫീസ് വാങ്ങാവൂ എന്നാണ് കമ്മിഷന്റെ നിലപാട്. ഇന്റേൺഷിപ്പ് കാലയളവിൽ സ്‌റ്റൈപ്പന്റ് 27,300 രൂപയാണ്. എന്നാൽ 7,000 മുതൽ 8,500 രൂപ വരെയാണ് സ്വാശ്രയ കോളേജുകൾ നൽകുന്നത്.

വിഷയം തിരികെ കോടതിയിലേക്ക്

ഫീസ് തിരികെ നൽകിയാൽ കോളേജുകൾക്ക് കോടിക്കണക്കിന് രൂപയുടെ ബാദ്ധ്യതയുണ്ടാവും. ഇതിനെതിരെ അവർ കോടതിയെ സമീപിച്ചേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MBBS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA