
കൊച്ചി: തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലെ കള്ളപ്പണക്കേസിൽ നിന്ന് സി.പി.എമ്മിനെയും തൃശൂരിലെ പാർട്ടി നേതാക്കളെയും കുറ്റവിമുക്തരാക്കാനാകില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
വിചാരണ തുടങ്ങാനിരിക്കേയാണ് നേതാക്കളായ കെ. രാധാകൃഷ്ണൻ എം.പി, എ.സി. മൊയ്തീൻ എം.എൽ.എ, എം.എം. വർഗീസ് എന്നിവരും സി.പി.എമ്മിന് വേണ്ടി ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദറും വിടുതൽ ഹർജി നൽകിയത്. ഹർജിയെ എതിർത്ത് ഇ.ഡി കൊച്ചി യൂണിറ്റ് കലൂരിലെ പ്രത്യേക (പി.എം.എൽ.എ) കോടതിയിൽ സത്യവാങ്മൂലം നൽകി. 83 പ്രതികളുള്ള കേസിൽ 68-ാം പ്രതിയാണ് സി.പി.എം.
വായ്പാ ക്രമക്കേടിൽ തങ്ങളെ ബന്ധപ്പെടുത്താൻ വസ്തുതയില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിടുതൽ ഹർജിയിൽ പറയുന്നു.
കരുവന്നൂർ ബാങ്ക് വഴി 300 കോടിയിലേറെ രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം. കേസ് 24ന് വീണ്ടും പരിഗണിക്കും. സി.പി.എമ്മും മുൻ ജില്ലാ സെക്രട്ടറിമാരും കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. 2011- 2021 കാലഘട്ടത്തിലാണ് വായ്പാതട്ടിപ്പ് നടന്നത്.
ഇ.ഡി പറയുന്നത്
സി.പി.എം പൊറത്തുശ്ശേരി ലോക്കൽ കമ്മിറ്റി പാർട്ടി ഓഫീസ് നിർമ്മാണത്തിനായി കരുവന്നൂർ ബാങ്കിൽ അക്കൗണ്ട് തുടങ്ങി ഫണ്ട് ശേഖരിച്ചു. ഈ തുക ഉപയോഗിച്ച് 2019ൽ ജില്ലാ സെക്രട്ടറിയുടെ പേരിൽ ഭൂമി വാങ്ങി.
സി.പി.എം കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതല്ലെങ്കിലും പി.എം.എൽ.എ സെക്ഷൻ 70 പ്രകാരം വ്യക്തികളുടെ കൂട്ടായ്മയെ 'കമ്പനി" എന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ജില്ലാ സെക്രട്ടറി പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിയാണ്.
ജില്ലാ കമ്മിറ്റി, സബ് കമ്മിറ്റികൾ വഴി ബാങ്ക് ഭരണസമിതിയെ നിയന്ത്രിച്ച് നിയമവിരുദ്ധ വായ്പകൾക്ക് പ്രേരിപ്പിച്ചു. വായ്പയെടുത്തവരിൽ നിന്ന് കമ്മിഷനായി പണം കൈപ്പറ്റി. ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ കള്ളപ്പണം വെളുപ്പിക്കൽ പ്രക്രിയയിൽ അറിഞ്ഞുകൊണ്ട് സഹായിച്ചു.
നിയമവിരുദ്ധ വായ്പകൾ നൽകാൻ ഭരണസമിതിയെ പാർട്ടി നിർബന്ധിച്ചെന്ന് ബാങ്ക് പ്രസിഡന്റും ഡയറക്ടർമാരും നൽകിയ മൊഴികളിലുണ്ട്.
സഹകരണ ബാങ്കുകളിൽ പാർട്ടിക്കുള്ള അക്കൗണ്ടുകൾ വെളിപ്പെടുത്തിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |