കണ്ണൂർ: കേരള പിഎസ്സിയെ അട്ടിമറിക്കാൻ ബിജെപി ഗവർണറെ കരുവാക്കുകയാണെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണഘടനയുടെ ആർട്ടിക്കിൽ 316 അനുസരിച്ച് നിയമിക്കപ്പെട്ട പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ ചെയ്തത് തികച്ചും ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അദ്ദേഹം വിമർശിച്ചു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം.
ഭരണഘടനയുടെ ആർട്ടിക്കിൾ 317 അനുസരിച്ച് പിഎസ്സി അംഗങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള തെറ്റുകുറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കേണ്ടത് സുപ്രീംകോടതിയാണ്. സുപ്രീംകോടതിയുടെ നിർദേശം അനുസരിച്ച് മാത്രമെ സംസ്ഥാന ഗവർണർക്കും സർക്കാരിനും രാഷ്ട്രപതിക്ക് ശുപാർശ നൽകാൻ അവകാശമുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പിഎസ്സി ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സർക്കാർ ജോലി നൽകിയതിൽ മുന്നിലാണ്. കേരള പിഎസ്സിക്കെതിരെ സുപ്രീംകോടതിയുടെ യാതൊരുവിധ പരാമർശങ്ങളോ കേസുകളോ നിലവിലില്ലെന്നിരിക്കെയാണ് ഗവർണറുടെ ഈ അസാധാരണ നീക്കമെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഇത്രയും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഭരണഘടനാ സ്ഥാപനത്തെ തകർക്കാനാണ് ഗവർണറെ കരുവാക്കി ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഗവർണർക്ക് അനുകൂലമായ നിലപാടാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ സ്വീകരിച്ചത്. ഗവർണറുടെ ഈ ഭരണഘടനാ വിരുദ്ധ തീരുമാനത്തെ മുഖ്യമന്ത്രിയും യുഡിഎഫും പിന്തുണയ്ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. ഇനി അങ്ങനെയല്ല ഗവർണറുടെ നടപടിക്ക് എതിരാണെങ്കിൽ മുഖ്യമന്ത്രി അതും വ്യക്തമാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
CPM State Secretary M.V. Govindan criticized Kerala Governor's recommendation to the President for the removal of PSC Chairman and members. Govindan termed the move anti-democratic and unconstitutional, stating the Supreme Court should investigate any misconduct under Article 317. He alleged the BJP was using the Governor to undermine the efficient PSC and questioned Chief Minister V.D. Satheesan's supportive stance.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |