SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.30 AM IST

കുട്ടികളുടെ കരിയർ : സി.ബി.എസ്.ഇയെ കുടഞ്ഞ് സുപ്രീംകോടതി

1

ന്യൂഡൽഹി: ഓൺ സ്ക്രീൻ മാർക്കിംഗ് (ഒ.എസ്.എം) സംവിധാനം പാളിയതിൽ ഏറെ പഴി കേൾക്കുന്നതിനിടെ, ഇന്നലെ സുപ്രീംകോടതിയും സി.ബി.എസ്.ഇയെ കുടഞ്ഞു. തന്റെ 12ാം ക്ലാസ് ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം ഉടൻ പ്രഖ്യാപിക്കാൻ നിർദ്ദേശം നൽകണമെന്ന് ഗൾഫിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥി ആവശ്യപ്പെട്ടപ്പോഴാണിത്. വെള്ളിയാഴ്ച മറുപടി നൽകണമെന്ന് സി.ബി.എസ്.ഇയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടപ്പോൾ കഴിയില്ലെന്നും, ഇപ്പോൾ തന്നെ ജോലിഭാരമാണെന്നുമായിരുന്നു മറുപടി.

ഇതോടെ കോടതി തിരിച്ചടിച്ചു. കുട്ടികളുടെ കരിയറിന്റെ വിഷയമാണെന്നും, ഉന്നത വിദ്യാഭ്യാസ പ്രവേശനത്തെ ബാധിക്കുമെന്നും ജസ്റ്റിസ് മൻമോഹൻ, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സി.ബി.എസ്.ഇക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു. വെള്ളിയാഴ്ച തന്നെ കേസ് പരിഗണിക്കും. അർദ്ധ രാത്രി വരെ ജോലി ചെയ്‌തിട്ടാണെങ്കിലും മറുപടി കിട്ടിയിരിക്കണം. അതേസമയം, ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തിനെതിരെ എൻ.എസ്.യു.ഐ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇടപെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും, സി.ബി.എസ്.ഇയും വെള്ളിയാഴ്ചയ്‌ക്കകം നിലപാടറിയിക്കണം.

സി.ബി.എസ്.ഇയുടെ വാദം

പുനർമൂല്യ നിർണയത്തിനുള്ള അപേക്ഷാ വിൻഡോ അവസാന ദിനമായ ജൂൺ ഏഴ് വരെ പൂർണമായും പ്രവർത്തന ക്ഷമമായിരുന്നുവെന്ന് സി.ബി.എസ്.ഇ വിശദീകരിച്ചു. 1.6 ലക്ഷത്തിലധികം വിദ്യാർത്ഥികൾ അപേക്ഷകൾ സമർപ്പിച്ചു. ഉത്തരക്കടലാസുകളുടെ സ്‌കാൻ ചെയ്‌ത പകർപ്പുകൾക്ക് അപേക്ഷിച്ചവർക്കേ,​ അവയുടെ പരിശോധനയ്‌ക്കും പുനർ മൂല്യനിർണയത്തിനും അർഹതയുണ്ടായിരിക്കൂ. ആദ്യഘട്ടത്തിൽ ആ പ്രക്രിയ പൂർത്തിയാക്കാത്തവർക്കാണ് 'റോൾ നമ്പർ നോട്ട് ഫൗണ്ട്' എന്ന മെസേജ് ലഭിക്കുന്നത്. അത് സാങ്കേതിക തകരാറല്ലെന്നും വ്യക്തമാക്കി. അതേസമയം, ലോഗിൻ പ്രശ്‌നം തുടങ്ങിയവ അവസാന മണിക്കൂറുകളിലടക്കം നേരിട്ടുവെന്ന് നിരവധി വിദ്യാർത്ഥികൾ പരാതിപ്പെട്ടു. അതിനാൽ അപേക്ഷ സമർപ്പിക്കാനും കഴിഞ്ഞില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CBSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA