SignIn
Kerala Kaumudi Online
Wednesday, 24 June 2026 8.28 AM IST

പ്രതിപക്ഷ നേതാവ് വന്നാൽ പല യാഥാർത്ഥ്യങ്ങളും തുറന്നുപറയും; പേടി കൊണ്ടാണ് ഉദ്‌ഘാടനത്തിന് ക്ഷണിക്കാത്തതെന്ന് ചാണ്ടി ഉമ്മൻ

READ ENGLISH VERSION
chandy-oommen

തിരുവനന്തപുരം: വിഴിഞ്ഞത്തെ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്ഷണിക്കാത്തത് പേടികൊണ്ടെന്ന് ചാണ്ടി ഉമ്മൻ എം എൽ എ. പ്രതിപക്ഷ നേതാവ് വന്നാൽ പല യാഥാർത്ഥ്യങ്ങളും തുറന്നുപറയുമെന്നും ഇത് ഭയന്നാണ് ക്ഷണിക്കാത്തതെന്നും ചാണ്ടി ഉമ്മൻ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


സത്യത്തെ കുറച്ച് കാലം മാത്രമേ മൂടി വയ്ക്കാൻ സാധിക്കുകയുള്ളൂവെന്നും ഉമ്മൻചാണ്ടി സർക്കാരിന്റെ നിലപാടിനുള്ള തെളിവാണിതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന് ക്ഷണമില്ലെങ്കിലും യു ഡി എഫ് ചടങ്ങ് ബഹിഷ്‌കരിക്കില്ല.

അതേസമയം, വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യത്തെ ചരക്കുകപ്പൽ സാൻഫെർണാണ്ടോയ്ക്ക് ഇന്ന് സർക്കാർ സ്വീകരണമൊരുക്കും. ചടങ്ങ് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സർബാനന്ദ സോനാവാൾ വിശിഷ്ടാതിഥിയാവും. മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷനാവും.

മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.രാജൻ, കെ.എൻ.ബാലഗോപാൽ, സജി ചെറിയാൻ, ജി.ആർ.അനിൽ, എം.പിമാരായ ശശി തരൂർ, എ.എ.റഹീം, എം.വിൻസന്റ് എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥൻ, അദാനി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി, പ്രദീപ് ജയരാമൻ, വിസിൽ എം.ഡി ദിവ്യ എസ്. അയ്യർ എന്നിവർ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതമാശംസിക്കും. പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് റിപ്പോർട്ട് അവതരിപ്പിക്കും.

വിഴിഞ്ഞം പദ്ധതി യു.ഡി.എഫിന്റെ കുഞ്ഞ്: വി.ഡി. സതീശൻ

വിഴിഞ്ഞം തുറമുഖ പദ്ധതി യു.ഡി.എഫിന്റെ കുഞ്ഞാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഴിഞ്ഞത്ത് കപ്പൽ അടുക്കുമ്പോൾ ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യത്തിന്റെ വിജയമായാണ് ജനം അതിനെ കാണുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പദ്ധതി കൊണ്ടുവന്നപ്പോൾ എന്തെല്ലാം തടസവാദങ്ങളാണ് ഇടതുപക്ഷം ഉന്നയിച്ചത്. 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടാണെന്ന് പറഞ്ഞ് അഴിമതി ആരോപണം ഉന്നയിച്ച അന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഇന്ന് മുഖ്യമന്ത്രി. കരാറിൽ അഴിമതിയുണ്ടോയെന്ന് കണ്ടെത്താൻ പിണറായി സർക്കാർ നിയോഗിച്ച ജുഡിഷ്യൽ കമ്മിഷനും ക്ലീൻചിറ്റാണ് ഉമ്മൻചാണ്ടിക്കും യു ഡി എഫ് സർക്കാരിനും നൽകിയത്.

ഉദ്ഘാടനത്തിന് ഞങ്ങളെ ക്ഷണിക്കാത്തത് അവരുടെ ഔചിത്യമാണ്. വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് യു ഡി എഫിനും കിട്ടുമെന്ന് ഭയന്നാകും പ്രതിപക്ഷത്തെ ഉദ്ഘാടന ചടങ്ങിൽ നിന്ന് മാറ്റിനിറുത്തിയതെന്നും സതീശൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHANDY OOMMEN, VIZHINJAM, VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ