
ഹരിപ്പാട്: ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ഹരിപ്പാട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളെ ലക്ഷ്യമിട്ട് വിഷമരുന്നുകൾ അടങ്ങിയ മിഠായികൾ വർണകടലാസിൽ പൊതിഞ്ഞ് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ഒരു ഫാക്ടറി തന്നെ പൊലീസ് കാസർകോട് കണ്ടെത്തി. ഒരാളിൽ നിന്ന് മാത്രം 18 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്.
ലഹരി ഉപയോഗിക്കുന്നവരെയും ഗുണ്ടകളെയും പണ്ട് ജനങ്ങൾക്ക് പേടിയായിരുന്നെങ്കിൽ, ഇന്ന് ജനങ്ങൾ തന്നെ അവരെ പിടികൂടുന്ന അവസ്ഥയിലേക്ക് മാറി. ലഹരി മാഫിയയുമായി ബന്ധമുള്ളവർ എത്ര ഉന്നതരായാലും വെറുതെ വിടില്ല.രാഷ്ട്രീയക്കാരോ സിനിമക്കാരോ പണക്കാരോ ആരായാലും ഇളവ് കാട്ടില്ല. ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ ഡി.ജെ പാർട്ടികളിലെ ലഹരി ഉപയോഗം അവസാനിപ്പിക്കും.
ലഹരി വേട്ടയ്ക്കായി തൂഫാൻ വണ്ടികളും നിരത്തിലിറങ്ങും. ഏതെങ്കിലും പൊലീസുകാർക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടാൽ കർശന നടപടിയുണ്ടാകും.
ഡോ.വന്ദനയുടെ പിതാവ്
തൂഫാൻ വോറിയർ
ഹരിപ്പാട്: ലഹരിക്ക് അടിമയായ യുവാവ് ക്രൂരമായി കൊലപ്പെടുത്തിയ ഡോ. വന്ദന ദാസിന്റെ ഓർമ്മകൾ മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് കരുത്താകും. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വന്ദനയുടെ പിതാവ് കെ.ജി. മോഹൻദാസിനെ മന്ത്രി രമേശ് ചെന്നിത്തല തൂഫാൻ വോറിയർ ബാഡ്ജ് ധരിപ്പിച്ചു. ഹരിപ്പാട് എം.എൽ.എ ഓഫീസിൽ ക്ഷണിച്ചുവരുത്തുകയായിരുന്നു.
ഡോ. വന്ദനയുടെ മരണം കേരളം മറക്കാൻ പറ്റാത്ത വേദനയാണ്. മറ്റൊരു വന്ദനയും നമുക്ക് നഷ്ടമാകരുത്. അതുകൊണ്ടാണ് ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോരുത്തരും പങ്കാളികളാകേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ലഹരി സൃഷ്ടിക്കുന്ന ദുരന്തം ഇനി ഒരു കുടുംബവും അനുഭവിക്കേണ്ടി വരരുതേയെന്നാണ് പ്രാർത്ഥനയെന്ന് മോഹൻദാസ് പറഞ്ഞു.
കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജനായിരുന്നു വന്ദന. വൈദ്യപരിശോധനയ്ക്ക് പൊലീസ് കൊണ്ടുവന്ന സന്ദീപ് 2023 മേയ് 10നാണ് കുത്തിക്കൊലപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |