
വൈപ്പിൻ: ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തി 'മലയാള പഴനി" എന്ന് സംബോധന ചെയ്ത ചെറായി ശ്രീഗൗരീശ്വര ക്ഷേത്രത്തിൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ചുള്ള ദർശനത്തിന് ഇന്നലെ തുടക്കം കുറിച്ചു. ക്ഷേത്രം ഉടമകളായ വിജ്ഞാന വർദ്ധിനി സഭയുടെ കഴിഞ്ഞ മേയിൽ ചേർന്ന വാർഷിക പൊതുയോഗമാണ് മേൽവസ്ത്രം ധരിച്ച് പുരുഷന്മാർക്ക് പ്രവേശനമാകാമെന്ന് തീരുമാനിച്ചത്.
തീരുമാനം നടപ്പിലാക്കുന്നതിന് നേതൃത്വം നൽകാൻ ഉത്സവത്തിന്റെ കൊടിയേറ്റ് ദിവസമായ ഇന്നലെ വൈകിട്ട് ക്ഷേത്രത്തിലെത്തിയ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയെ പൂർണ്ണകുംഭം നൽകി തന്ത്രി പറവൂർ രാകേഷ് സ്വീകരിച്ചു. തുടർന്ന് എല്ലാവരും ചേർന്ന് മേൽവസ്ത്രം ഈരാതെ ക്ഷേത്ര ദർശനം നടത്തി.
മേൽവസ്ത്രം ധരിച്ചുള്ള ക്ഷേത്രദർശനം ശ്രീനാരായണ ദർശനങ്ങളോട് ചേർന്ന് നിൽക്കുന്നതാണെന്ന് സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു.
ക്ഷേത്ര മണ്ഡപത്തിൽ നടത്തിയ സമ്മേളനം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. സഭ പ്രസിഡന്റ് കെ.കെ. പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെല്ലി സുകുമാരൻ, എസ്.എൻ.ഡി.പി. യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, സഭ മുൻ ഭാരവാഹികളായ ആരോമലുണ്ണി, ടി.എസ്. വേണുഗോപാൽ, വികാസ് മാളിയേക്കൽ, ചേരുവാരം പ്രസിഡന്റുമാരായ കെ.സി. അനിൽകുമാർ, ഗിരീഷ്‌കുമാർ, ചിറപ്പ് കമ്മിറ്റി സെക്രട്ടറി ഒ.ആർ. റോബിൻ, വനിതാ സമിതി പ്രസിഡന്റ് തങ്കം രാഘവൻ, എസ്.എൻ.ഡി.പി. ശാഖാ പ്രസിഡന്റ് കെ.ആർ. വിനീഷ്, കാവടി സംഘം ഭാരവാഹികളായ സി.ആർ. സുനിൽ, സുധി, മുതൽപിടി റെജി ഓടാശ്ശേരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |