
കോഴിക്കോട്:നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചത് പിതാവിന്റെ മർദ്ദനമേറ്റെന്ന് തെളിഞ്ഞു.
മാതാപിതാക്കളായ പെരുവയൽ കുറ്റിക്കാട്ടൂർ വയൽക്കരയിലെ ഷിഖിൻ(30), ഭാര്യ അഞ്ജന(20) എന്നിവരെ മെഡിക്കൽ കോളേജ് അസി.കമ്മിഷണർ പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. 2025സെപ്തംബർ 30ന് എട്ടുമണിയോടെയാണ് സംഭവം. ഏകമകളായ ആയുക്ത രാത്രി നിറുത്താതെ കരഞ്ഞതിൽ പ്രകോപിതനായ പിതാവ് മർദ്ദിച്ചുകൊന്നുവെന്നാണ് കേസ്. വിവരമറിഞ്ഞിട്ടും മറച്ചുവച്ചതിനാണ് അഞ്ജന അറസ്റ്റിലായത്. കുഞ്ഞിനെ ഭർത്താവ് മർദ്ദിച്ചിരുന്നത് അഞ്ജനയ്ക്ക് അറിയാമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഷിഖിന്റെ പിതാവ് ഗിരീഷ്കുമാറും ഒക്ടോബർ ഒന്നിന് പുലർച്ചെ മെഡിക്കൽ കോളേജ് പൊലീസിലെത്തി മർദ്ദനവിവരം പറഞ്ഞിരുന്നു. മദ്യലഹരിയിലായിരുന്ന ഷിഖിൻ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചെന്നും കണ്ടെത്തി. കുഞ്ഞ് എഴുന്നേൽക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വരുന്നുണ്ടെന്നും പറഞ്ഞാണ് ആദ്യം സ്വകാര്യആശുപത്രിയിലെത്തിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
പോസ്റ്റ്മോർട്ടത്തിൽ മർദ്ദനമേറ്റതിന്റെ സൂചനകൾ കണ്ടെത്തി. മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയപരിശോധനയിൽ കൊലപാതകമാണെന്ന് തെളിഞ്ഞു.
ഭർത്താവ് സ്ഥിരമായി കുഞ്ഞിനെ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഞ്ജന പൊലീസിനും മജിസ്ട്രേറ്റിനും നൽകിയ മൊഴിയും ആന്തരികാവയവങ്ങളുടെ ഹിസ്റ്റോപത്തോളജി പരിശോധനാഫലവും അടിസ്ഥാനമാക്കിയാണ് കൊലക്കുറ്റം ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ മുതുകിലും മാരക മുറിവുകളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിൻറെ കാലൊടിഞ്ഞതിന്റെ കാരണവും ദമ്പതികൾ മറച്ചുവച്ചിരുന്നു. തെളിവുകൾ മറച്ചുവച്ചെന്ന കുറ്റവും അഞ്ജനയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതികളെ കുന്ദമംഗലം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |