SignIn
Kerala Kaumudi Online
Monday, 24 August 2026 1.17 AM IST

ബി.ജെ.പിയെ പരിഹസിച്ച് സി.ജെ.പി

cjp-

ന്യൂഡൽഹി: യുവാക്കളിലേക്ക് എത്താനുള്ള ബി.ജെ.പിയുടെ പുതിയ നീക്കത്തെ പരിഹസിച്ച് കോക്ക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). ബി.ജെ.പി രൂപീകരിച്ച ജെൻസി ഔട്ട്റീച്ച് സംഘത്തിൽ ഒരു ജെൻസി അംഗം പോലുമില്ലെന്ന വിമർശനവുമായാണ് സി.ജെ.പി സഹകൺവീനർ സൗരവ് ദാസ് രംഗത്തെത്തിയത്.

'മികച്ച ജെൻസി മുഖങ്ങളെ തിരഞ്ഞെടുത്ത ബി.ജെ.പിക്ക് മൂന്ന് കൈയടി" എന്നായിരുന്നു ദാസിന്റെ പരിഹാസം. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബീൻ, ദേശീയ ജനറൽ സെക്രട്ടറിമാരായ സ്മൃതി ഇറാനി, വിനോദ് താവ്‌ഡെ, ഗുജറാത്ത് മന്ത്രി ഹർഷ് സംഘവി, ഛത്തീസ്ഗഢ് മന്ത്രി ഒ.പി.ചൗധരി എന്നിവരാണ് സംഘത്തിലെ പ്രമുഖർ. രാജ്യത്തെ യുവാക്കളുടെ ആശങ്കകളും പ്രതീക്ഷകളും നേരിട്ട് മനസിലാക്കുകയും അവരുമായി സംവദിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

അതേസമയം, ജെൻസി പ്രതിഷേധങ്ങളോടുള്ള ബി.ജെ.പിയുടെ സമീപനത്തെയും ദാസ് വിമർശിച്ചു. യുവതലമുറയെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയ നേതാക്കളെ തന്നെ യുവാക്കളുമായി സംവദിക്കാൻ നിയോഗിച്ചതാണ് വിരോധാഭാസമെന്നാണ് സി.ജെ.പിയുടെ ആരോപണം.

നിതിൻ നബിൻ യുവതലമുറയെ 'വൈറസും പാറ്റയും' എന്ന് വിശേഷിപ്പിച്ചിരുന്നുവെന്നും പ്രതിഷേധക്കാരെ 'ടുക്‌ഡേ ടുക്‌ഡേ ഗാംഗ്' ബന്ധമുള്ളവരായി ചിത്രീകരിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സ്മൃതി ഇറാനി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിനെയും രോഹിത് വെമുല വിഷയത്തിലെ സമീപനത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിലപാടുകളെയും ദാസ് വിമർശിച്ചു.

ദീപ്‌കെയ്‌ക്കെതിരേ കേസ്

അതേസമയം അനുമതിയില്ലാതെ സർക്കാർ സ്‌കൂളിൽ പ്രവേശിച്ച് അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ക്ലാസ് തടസപ്പെടുത്തുകയും ചെയ്‌തെന്ന സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെയ്ക്കും അഞ്ച് പേർക്കുമെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലാണ് സംഭവം.

'സ്‌കൂൾ ഠീക് കരോ' (സ്‌കൂളുകൾ ശരിയാക്കുക) ക്യാമ്പയിന്റെ ഭാഗമായി സർക്കാർ സ്‌കൂളുകൾ സന്ദർശിക്കുന്നതിനിടെയാണ് ദീപ്‌കെ വിവാദത്തിലായത്. ലാത്തൂരില ഒരു സർക്കാർ സ്‌കൂളിൽ അനുമതിയില്ലാതെ അകത്ത് കടന്ന സംഘം അധ്യാപകരുമായി തർക്കിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തെ തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA