
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിന് ഇനി ഒരുദിവസം. വെള്ളിയാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കും. ജനുവരി 29ന് മുൻധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയ നടപ്പ് വർഷത്തെ ബഡ്ജറ്റിൽ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തി പരിഷ്കരിച്ചാണ് ധനവകുപ്പ് ചുമതലകൂടിയുള്ള മുഖ്യമന്ത്രി ആദ്യബഡ്ജറ്റ് അവതരിപ്പിക്കുന്നത്.
സദ്ഭരണം,സഹാനുഭൂതി എന്നതാണ് ബജറ്റിന്റെ പ്രമേയം. അന്താരാഷ്ട്ര വികസന കാഴ്ചപ്പാട് പ്രതിഫലിക്കുന്നതാവും ബഡ്ജറ്റെന്നാണ് പ്രതീക്ഷ. 'ഇന്ദിരാ ഗാരന്റി' നടപ്പാക്കാനുള്ള വകയിരുത്തൽ ബഡ്ജറ്റിലുണ്ടാവും. ഇതിനകം തുടക്കമിട്ട കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര,പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് പ്രതിമാസം ആയിരംരൂപ സഹായധനം,ഉമ്മൻചാണ്ടിയുടെ പേരിലുള്ള ഇൻഷുറൻസ് പരിരക്ഷാപദ്ധതി തുടങ്ങിയവയ്ക്കും തുക വകയിരുത്തും. മുഖ്യമന്ത്രിയുടെ 'സിൽവർ ഇക്കണോമി' സ്വപ്നത്തിന് കരുത്തേകാൻ രൂപവത്കരിച്ച വയോജനവകുപ്പിനും ഫണ്ട് വേണം. പദ്ധതികളേറെയുണ്ടെങ്കിലും ഇതിനെല്ലാം പണം എങ്ങനെ കണ്ടെത്തുമെന്നാണ് പൊതുവെയുള്ള ആകാംഷ.
അതേസമയം, ഭരണത്തിരക്കുകൾക്ക് തത്കാലം അവധികൊടുത്ത് വി.ഡി. സതീശൻ ബഡ്ജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കിലാണ്. ഇതിനാൽ വെള്ളിയാഴ്ച വരെ സന്ദർശകരെ നേരിട്ട് കാണാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ആർ. ശങ്കറാണ് ബഡ്ജറ്റ് അവതരിപ്പിച്ച സംസ്ഥാനത്തെ ആദ്യമുഖ്യമന്ത്രി. 2016ൽ ധനമന്ത്രിയായിരുന്ന കെ.എം.മാണി രാജിവച്ചപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ബഡ്ജറ്റ് അവതരിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |