SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.00 AM IST

വിളവങ്കോട്ട് നൂറുമേനി വിളവെടുക്കാൻ

congress

വിളവംകോട് : തിരുവനന്തപുരം ജില്ലയോട് ചേർന്നു കിടക്കുന്ന കന്യാകുമാരി ജില്ലയിലെ വിളവങ്കോട്ടെ ഏതാണ്ട് എല്ലാപേർക്കും മലയാളം അറിയാം. പഴയ തിരുവിതാംകൂറിന്റെ ഭാഗമാണ്. പക്ഷെ, തിരഞ്ഞെടുപ്പ് പ്രചാരണം മുഴുവൻ തമിഴിൽ ഞാറാംവിളയിലെ ഓട്ടോ ഡ്രൈവർ പറഞ്ഞു. 'എല്ലാവർക്കും ഇപ്പോൾ തമിഴ് സ്നേഹമാണ്. മുമ്പ് മലയാളത്തിലൊക്കെ അനൗൺസ്മെന്റുണ്ടായിരുന്നു. ഇപ്പോഴത്തെ തലമുറയിൽ മലയാളം എഴുതാനും വായിക്കാനും അറിയുന്നവർ കുറവാണ്."

അപ്പോഴേക്കും കോൺഗ്രസിന്റെ പ്രചാരണ വാഹനയെത്തി കോൺഗ്രസ് സ്ഥാനാർത്ഥി ടി.ടി.പ്രവീണിനു വേണ്ടി വോട്ടു ചോദിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് വരുന്നുവെന്ന് അറിയിപ്പ്. സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറിയാണ് പ്രവീൺ. പ്രചാരണ വാഹനത്തിൽ മുകുൾ വാസ്നിക്, വിജയ് വസന്ത് എം.പി എന്നിവർക്കൊപ്പം പ്രവീണും. മുകുൾ വാസ്നിക്കിന്റെ പ്രസംഗം ഇഗ്ലീഷിൽ. മറ്റെല്ലാവരും തമിഴിലും. കോൺഗ്രസ് അനുകൂല മണ്ഡലമായ വിളവങ്കോട്ട് സി.എസ്.ഐ വോട്ടു കൂടി സമാഹരിക്കുമ്പോൾ വിജയം ഉറപ്പാക്കാനാകുമെന്ന് നേതൃത്വത്തിന്റെ പ്രതീക്ഷ.

കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിളവങ്കോടിനെ മൂന്നു തവണ പ്രതിനീധീകരിച്ച വിജയധരണി ഇപ്പോൾ ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥിയാണ്. ടി.വി.കെ സ്ഥാനാർത്ഥി മൈക്കിൾ കുമാറും രംഗത്തുണ്ട്.

50,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ടി.ടി.പ്രവീൺ ഉറപ്പിച്ചു പറഞ്ഞു. തമിഴ് നാട്ടിലെ ചില മാദ്ധ്യമങ്ങളിൽ കേരളത്തിലെ നേതാവിനെ സ്ഥാനാർത്ഥിയാക്കിയെന്ന് ആരോപണം വന്നിരുന്നു, താൻ 28 വർഷമായി വിളവങ്കോട് താമസിക്കുകയാണ്. ഒരു വലിയ സഭയുടെ സെക്രട്ടറിയാണ്. പക്ഷെ, സഭയ്ക്ക് ഒരിക്കലും ഏതെങ്കിലും പാർട്ടിയുമായി സ്നേഹം കൂടാനോ വിരോധത്തിലാക്കാനോ കഴിയില്ല. ആര് വന്നാൽ സഭയ്ക്ക് നല്ലതാണെന്ന് തിരിച്ചറിയുന്നവരാണ് സഭയിലുള്ളവരെന്ന് പ്രവീൺ പറഞ്ഞു. പണമില്ലാത്തതിന്റെ പേരിൽ വിവാഹം കഴിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് സഹായം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ചികിത്സാ സഹായം, ഭവന പദ്ധതി ഉൾപ്പെടുന്നതാണ് വാഗ്ദാനങ്ങൾ.

നട്ടാലം പ്രദേശത്ത് നടന്ന് വോട്ടു തേടുകയാണ് ബി.ജെ.പി സ്ഥാനാർത്ഥി വിജയ ധരണി. 100 ശതമാനം വിജയം

ഉറപ്പെന്ന് സ്ഥാനാർത്ഥി. മുമ്പ് കോൺഗ്രസിലായിരുന്ന മൂന്നു പ്രാവശ്യവും ഇപ്പോഴും ജനങ്ങളുടെ തീരുമാനം തനിക്ക് വോട്ടു നൽകാനാണ്. കമ്മ്യൂണിസ്റ്റ് അനുകൂലയായിരുന്ന മണ്ഡലം 15 വർഷം മുമ്പ് കോൺഗ്രസിനു വേണ്ടി താൻ പിടിച്ചെടുത്തതാണെന്നും വിജയ ധരണി പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA