തിരുവനന്തപുരം: വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കാനുള്ള ഭേദഗതി അംഗീകരിക്കുന്നതോടെ ബി.ജെ.പി അനുകൂല ചുവടുമാറ്റമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഘപരിവാറിന്റെ നാവ് കടമെടുത്താണ് മുഖ്യമന്ത്രി വി.ഡി. സതീശൻ സംസാരിക്കുന്നതെന്നും ആരോപിച്ചു.
കേന്ദ്ര നിയമം വന്നപ്പോൾ എൽ.ഡി.എഫ് സർക്കാർ വഖഫ് ബോർഡിൽ രണ്ടു സീറ്റുകൾ ഒഴിച്ചിട്ടാണ് പുനഃസംഘടന നടത്തിയത്. ഭേദഗതിക്കെതിരെ സുപ്രീംകോടതിയെയും സമീപിച്ചു. മുസ്ലിം ലീഗും കോടതിയിലെത്തി. എന്നാലിപ്പോൾ കേന്ദ്രത്തിന്റെ ഭേദഗതി നിയമം അംഗീകരിക്കുന്നതായി യു.ഡി.എഫ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നു. ലീഗും ഇപ്പോൾ വഞ്ചനാ പരമായ നിലപാടാണ് സ്വീകരിച്ചത്. സംഘപരിവാർ സേവയാണെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ, തന്നെ വർഗീയത പരത്തുന്ന ആളാണെന്ന് സതീശൻ ആക്ഷേപിക്കുന്നു.
മുൻ യു.ഡി.എഫ് സർക്കാർ വൈദ്യുതി കരാർ ഒപ്പിട്ടത് അനുമതി ഇല്ലാതെയായതുകൊണ്ടാണ് റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത്. കരാർ റദ്ദായ ശേഷവും സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടായിട്ടില്ല. മഴക്കുറവ് കാരണം മുൻപും പ്രതിസന്ധി ഉണ്ടായിട്ടുണ്ടെങ്കിലും കൃത്യമായ മാനേജ്‌മെന്റിലൂടെ പരിഹരിച്ചിരുന്നു.
കർത്തയുടെ മൊഴി:
എല്ലാം മാദ്ധ്യമ സൃഷ്ടി
എക്സാലോജിക് - സി.എം.ആർ.എൽ കരാറുമായി ബന്ധപ്പെട്ട ശശിധരൻ കർത്തയുടെ മൊഴി പുറത്തുവന്നതിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. അങ്ങനെയൊരു മൊഴി ഉണ്ടോയെന്നും മാദ്ധ്യമങ്ങൾ പറഞ്ഞാൽ എല്ലാം ശരിയാകുമോ എന്നുമായിരുന്നു ചോദ്യം. മാദ്ധ്യമങ്ങൾക്ക് എന്തെല്ലാം സൃഷ്ടിക്കാം. എത്രകാലമായി തുടരുന്നു. എന്തെങ്കിലും ഫലമുണ്ടാക്കാൻ കഴിഞ്ഞോ. ഇനിയും ഇതുപോലെ നല്ല ശ്രമങ്ങൾ നടത്തൂവെന്നും പരിഹസിച്ചു. ലേക്കർ ഇന്ത്യ കോർപ്പറേഷൻ എന്നപേരിൽ വീണയ്‌ക്ക് വേറൊരു കമ്പനിയുണ്ടോ എന്ന ചോദ്യത്തിന്, കമല ഇന്റർനാഷണൽ വിട്ടോ എന്നായിരുന്നു മറുചോദ്യം. കാത്തിരുന്ന് കാണാമെന്നും പറഞ്ഞു.
അജിത്കുമാറിനെ തള്ളാതെ
എം.ആർ.അജിത്‌കുമാറിനെ സസ്‌പെൻഡ് ചെയ്തതിൽ സാധാരണ നിലവിട്ടുള്ള ചില നടപടിക്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് കാണുന്നുണ്ടെന്ന് പിണറായി. അതേക്കുറിച്ച് പിന്നീട് പറയാം. പി.എസ്. പ്രശാന്തിന്റെ അറസ്റ്റിൽ, എസ്.ഐ.ടിയുടെ അന്വേഷണം അതേ രീതിയിലാണെങ്കിൽ സ്വാഗതം ചെയ്യുന്നു. എന്നാൽ യു.ഡി.എഫ് സർക്കാർ വന്നതിന് ശേഷം എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്നറിയില്ലെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |