
തിരുവനന്തപുരം: പ്ളീഡർ നിയമനം തിരുത്താൻ മുഖ്യമന്ത്രി വി.ഡി.സതീശൻ തയ്യാറായിട്ടില്ലെങ്കിലും മുന്നോട്ടുവച്ച കാൽ പിന്നോട്ടില്ലെന്ന് കെ.എസ്.യു. പ്ളീഡർ നിയമനത്തിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്ന് ലോയേഴ്സ് കോൺഗ്രസും ആവശ്യപ്പെട്ടു. കോൺഗ്രസുമായി ബന്ധമില്ലാത്ത മറ്റു പലരും പട്ടികയിലുൾപ്പെട്ടെന്നും ഈ പിഴവ് ചൂണ്ടിക്കാട്ടി ജൂൺ 4, 11, 24 തീയതികളിൽ മുഖ്യമന്ത്രിക്കും നേതൃത്വത്തിനും കത്തു നൽകിയിട്ടും ഒരു മറുപടിയും ലഭിച്ചില്ലെന്നും ലോയേഴ്സ് കോൺഗ്രസ് പറയുന്നു. ലോയേഴ്സ് കോൺഗ്രസുമായി ബന്ധപ്പെട്ട പലരും പട്ടികയിൽ ഒഴിവാക്കപ്പെട്ടതും അവരെ ചൊടിപ്പിച്ചു.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് രണ്ട് സംഘടനകളും അനുമതി വീണ്ടും ചോദിച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. കോൺഗ്രസിന്റെ മീഡിയ പാനലിസ്റ്റുകൾ മാദ്ധ്യമ ചർച്ചകളിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ മീഡിയ ചെയർപേഴ്സൺ കൂടിയായ കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തിമേരിവർഗീസ് പുറത്തിറക്കി. പാർട്ടിയുടെ ഔദ്യോഗിക നിലപാടും തീരുമാനങ്ങളും മാത്രമേ മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും അവതരിപ്പിക്കാവൂ എന്നതാണ് പ്രധാന നിർദ്ദേശം. വ്യക്തിപരമായ അഭിപ്രായവ്യത്യാസം പൊതുവേദികളിൽ പ്രകടിപ്പിക്കരുതെന്നും പാർട്ടി പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കണമെന്നും നിർദ്ദേശിച്ചു.
സി.പി.എം അനുകൂല സംഘടനയുമായി ബന്ധമുണ്ടായിരുന്ന ജിയോണ ജയിംസിന്റെ നിയമനത്തിനെതിരെയാണ് കെ.എസ്.യുവിന്റെ പരാതി. അവരുടെ പേര് പട്ടികയിലുൾപ്പെടുത്തിയത് ലോയേഴ്സ് കോൺഗ്രസാണെന്ന് പറഞ്ഞാണ് കെ.എസ്.യുവിന്റെ പരാതി മുഖ്യമന്ത്രി തള്ളിയത്. പട്ടികയിൽ ജിയോണയുടെ പേരുൾപ്പെട്ടിരുന്നു എന്ന് ലോയേഴ്സ് കോൺഗ്രസ് സമ്മതിക്കുന്നുണ്ടെങ്കിലും സ്റ്റേറ്റ് അറ്റോർണി അനൂപ് നായരുടെ നിർദ്ദേശ പ്രകാരമായിരുന്നു ഇതെന്ന് അവർ വ്യക്തമാക്കുന്നു. ജിയോണയെ നിർദ്ദേശിച്ചിരുന്നുവെന്ന് ഡീൻ കുര്യാക്കോസ് എം.പിയും വെളിപ്പെടുത്തി. മുഖ്യമന്ത്രിയെ കുറ്റക്കാരനാക്കുകയോ എതിർക്കുകയോ അല്ല, വിഷയത്തിന്റെ മെരിറ്റിനെക്കുറിച്ചാണ് ചർച്ച ചെയ്യേണ്ടതെന്നാണ് കെ.എസ്.യു പറയുന്നത്.
ചില അനുനയ വാക്കുകൾ കെ.സി.വേണുഗോപാലും സണ്ണിജോസഫും എ.പി.അനിൽ കുമാറുമൊക്കെ പറയുന്നുണ്ടെങ്കിലും വിഷയത്തിൽ ഇടപെടാൻ ആരും മുൻകൈയെടുക്കുന്നില്ല.
``നിയമനങ്ങളുടെ മെരിറ്റ് പരിശോധിക്കണം. മുഖ്യമന്ത്രിയെ എതിർക്കാനോ അദ്ദേഹവുമായി ഏറ്റുമുട്ടലിനോ ഇല്ല.
അലോഷ്യസ് സേവ്യർ
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്
``പല സംഘടനകളിൽ നിന്നും കിട്ടിയ പട്ടിക തയ്യാറാക്കുക മാത്രമാണ് ചെയ്തത്. ലോയേഴ്സ് കോൺഗ്രസ് ഹൈക്കോർട്ട് കമ്മിറ്റിയാണ് ജിയോണയുടെ പേരു തന്നത്. തങ്ങൾ നിർദ്ദേശിക്കാത്ത പലരും പട്ടികയിൽ വന്നു. അതിന്റെ മാനദണ്ഡമാണ് അറിയേണ്ടത്.
പി.കെ.അബ് ദു റഹ്മാൻ
ലോയേഴ്സ് കോൺഗ്രസ് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |