SignIn
Kerala Kaumudi Online
Monday, 20 July 2026 6.13 PM IST

കോഴിക്കോട് യുവാവ് കൊല്ലപ്പെട്ട നിലയിൽ

crime

കോഴിക്കോട്: നഗര മദ്ധ്യത്തിലെ വീടിനുള്ളിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാളയം പുതിയ കോവിലകം പറമ്പ് നഗറിൽ ബിജുവാണ് (38) കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെ 3 ഓടെയായിരുന്നു സംഭവം. കഴുത്തിൽ സർജിക്കൽ ബ്ളേഡ് കൊണ്ട് വരഞ്ഞ നിലയിലായിരുന്നു മൃതദേഹം. കൂടാതെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുത്തേറ്റിട്ടുണ്ട്.

പശുക്കച്ചവടം ചെയ്തിരുന്ന ബിജു കോവിലകം പറമ്പിലെ ഒറ്റമുറി വീട്ടിലാണ് താമസം. അവിവാഹിതനാണ്. തൊട്ടടുത്ത് മറ്റൊരു വീട്ടിൽ ബിജുവിന്റെ അമ്മ ബേബിയുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ടിരുന്നില്ല. രാവിലെ പശുവിനെ കറക്കാനായി ബിജുവിനെ വിളിക്കാനെത്തിയപ്പോഴാണ് അമ്മ വീടിന്റെ വാതിൽ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ടത്. തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മുറിയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ബിജവിനെ കണ്ടെത്തിയത്. ഇതോടെ അമ്മ സമീപവാസികളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം അക്രമികൾ വീട് പുറത്തു നിന്ന് പൂട്ടിയെന്നാണ് നിഗമനം.

പിന്നിൽ

ലഹരി മാഫിയ

സംഭവത്തിൽ കേസെടുത്ത പൊലീസ് കൊലപാതകത്തിന് പിന്നിൽ പ്രദേശത്തെ ലഹരി മാഫിയയാണോയെന്ന് അന്വേഷിക്കുന്നുണ്ട്. ഇവരുമായി ബിജു പലതവണ വാക്കേറ്റമുണ്ടായെന്ന് കുടുംബം പറഞ്ഞു. വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിലെ പരസ്യ മദ്യപാനവും ലഹരിയുപയോഗവും 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി ബിജു പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലയ്ക്കു പിന്നിലെന്നാണ് വിവരം. സംഭവസ്ഥലം ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് സിറ്റി പൊലീസ് കമ്മിഷണർ എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA