SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.56 AM IST

പൊലീസ് സ്റ്റേഷൻ മുറ്റത്തേക്ക് കാർ ഇടിച്ചുകേറ്റി ഏറ്റുമുട്ടി ലഹരിസംഘം, 6 പേർ അറസ്റ്റിൽ

news
ആൽബിൻ സബാസ്‌റ്റ്യൻ,

കുറ്റ്യാടി/കോഴിക്കോട് : മയക്കുമരുന്ന് ലഹരിയിൽ പൊലീസ് സ്റ്റേഷൻ മുറ്റത്തേക്ക് വണ്ടി ഇടിച്ചുകയറ്റി, പോർവിളിച്ച്, പരസ്പരം ഏറ്റുമുട്ടി ലഹരിസംഘങ്ങൾ. എട്ടംഗസംഘത്തിൽ ആറുപേരെ പിടികൂടി പൊലീസ്. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഒരു കാറിൽ നിന്ന് 9 ഗ്രാം എം.ഡി.എം.എയും 1.5 ഗ്രാം കഞ്ചാവും പിടികൂടി. പെരുവണ്ണാമൂഴി കിഴക്കയിൽ ആൽബിൻ സെബാസ്റ്റ്യൻ (26), മാവിലക്കണ്ടി അമൽജിത്ത് (21), വലിയ പറമ്പത്ത് ആൽവിൽ (26), കുട്ടിക്കുന്നുമ്മൽ കെ.കെ.മുഹമ്മദ് (26), ചെറുപുത്തലത്ത് ഷഫ്നാസ് (24), കളരി പറമ്പത്ത് ദിൽഷാദ് (22) എന്നിവരാണ് അറസ്റ്റിലായത്. അർഷാദ് നൊച്ചാട് , ജാവേദ് സൂപ്പിക്കട എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെ രണ്ടോടെ കുറ്റ്യാടി പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു നാടകീയസംഭവങ്ങൾ അരങ്ങേറിയത്.

സംഭവത്തിൽ ലഹരി കൈവശം വച്ചതിന് ആൽബിനും കൂട്ടാളികളായ ആൽവിനും അമൽജിത്തിനും എതിരെയും സംഘം ചേർന്ന് വാഹനമിടിപ്പിച്ച് വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുഹമ്മദ്, ഷഫ്നാസ്, ദിൽഷാദ്, അർഷാദ്, ജാവേദ് എന്നിവർക്കെതിരെയും കേസെടുത്തു. ലഹരി കൈമാറ്റവുമായി ബന്ധപ്പെട്ട സാമ്പത്തികതർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. ഇന്നലെ പുലർച്ചെയോടെ സ്റ്റേഷന് നാല് കിലോമീറ്റർ അകലെ കുയിമ്പിൽ പാലത്തിന് സമീപം എറ്റിയോസ് കാറിലെത്തിയ ആൽബിനും കൂട്ടാളികളും ഡിസയറിലെത്തിയ അഞ്ചംഗ സംഘവും ഏറ്റുമുട്ടി. ഡിസയറിലെത്തിയ സംഘം കമ്പിവടികളും ഉൾപ്പെടെയെത്തി ആൽബിന്റെ കാറിന്റെ മുൻഭാഗവും ചില്ലും അടിച്ചുതകർത്തു. നേരിട്ട് കാറുകൾ കൂട്ടിയിടിപ്പിച്ചതോടെ ഡിസയറിന്റെ വലതുവശവും തകർന്നു.

പിന്നീട് കുമ്പളം പാലത്തിനടുത്ത് വച്ചും സംഘർഷം തുടർന്നു. വീണ്ടും പരസ്പരം പോര് വിളിച്ച് കുറ്റ്യാടി സ്റ്റേഷൻ മുറ്റത്തേക്ക് എത്തുകയായിരുന്നു. തുടർന്നായിരുന്നു ഏറ്റുമുട്ടൽ. സംഭവസമയം എസ്.ഐയും നാല് പൊലീസുകാരും മാത്രമാണ് ഉണ്ടായിരുന്നത്.

പിന്നീട് പട്രോളിംഗിലുള്ള സംഘത്തെ വിളിച്ചുവരുത്തിയാണ് സംഘത്തിലുള്ളവരെ പിടികൂടിയത്. സംഘർഷത്തിനിടെ രണ്ടുപേ‌ർ കടന്നുകളയുകയായിരുന്നു. ആൽബിൻ സെബാസ്റ്റ്യന്റെ പേരിൽ കോഴിക്കോട് വെള്ളയിൽ സ്റ്റേഷനിൽ ലഹരിവസ്തുക്കൾ കൈവശം വച്ചതിന്റെ പേരിൽ കേസുണ്ട്. നേരത്തെ നക്സൽ ആക്രമണം നടന്ന പൊലീസ് സ്റ്റേഷനാണ് കുറ്റ്യാടി. സ്റ്റേഷന് നേരെമുന്നിൽ ആ കെട്ടിടം പൊളിച്ച സ്ഥലത്താണ് കാറിലുള്ളവർ ഏറ്റുമുട്ടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA