SignIn
Kerala Kaumudi Online
Wednesday, 02 September 2026 12.49 AM IST

മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന അപൂർണം കേരളം ഇന്ന് അതൃപ്തി അറിയിച്ചേക്കും

mullapperiyar

കുമളി: സുപ്രീം കോടതി നിർദ്ദേശിച്ചതു പ്രകാരം കോംപ്രിഹെൻസീവ് ഡാം സേഫ്റ്റി ഇവാലുവേഷൻ (സി.ഡി.എസ്.ഇ) സമിതി മുല്ലപ്പെരിയാർ ഡാമിൽ ഇന്നലെ നടത്തിയ സമഗ്ര സുരക്ഷാ പരിശോധന അപൂർണം. അണക്കെട്ടിന്റെ ഭൂകമ്പ പ്രതിരോധ ശേഷിയും ഘടനാപരമായ സുരക്ഷയും പ്രത്യേകമായി വിലയിരുത്തേണ്ടിയിരുന്നു. അത് ചെയ്യാത്തതിലുള്ള അതൃപ്തി കേരളം അറിയിക്കും. കേരളം, തമിഴ്നാട് ഉദ്യോഗസ്ഥരുമായി സി.ഡി.എസ്.ഇ സമിതി ഇന്ന് നടത്തുന്ന ചർച്ചയിൽ സംസ്ഥാനം ഇക്കാര്യം ഉന്നയിക്കുമെന്നാണ് കരുതുന്നത്. പുതിയ അണക്കെട്ട് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന കേരളം സമ്പൂർണ സുരക്ഷാ ഓഡിറ്റ് നടത്തേണ്ടതിന്റെ ആവശ്യകത സമിതിയെ അറിയിക്കും. സമിതി ഇതിന് വഴങ്ങിയില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം.

പ്രധാന ഡാം, ബേബി ഡാം, സ്പിൽവേ, ഗാലറി തുടങ്ങിയ ഭാഗങ്ങളിലാണ് ഇന്നലെ പരിശോധന നടത്തിയത്. 15 ദിവസത്തിനകം പരിശോധനാറിപ്പോ‌‌ർട്ട് സമ‌ർപ്പിക്കുമെന്നാണ് സി.ഡി.എസ്.ഇ അദ്ധ്യക്ഷൻ ബൽരാജ് ജോഷി മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇന്നു നടക്കുന്ന കേരളം, തമിഴ്നാട് പ്രതിനിധികളുമായുള്ള ചർച്ചയിൽ കൂടുതൽ പരിശോധന വേണമെന്ന ആവശ്യമുയ‌‌ർന്നാൽ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഡാം സുരക്ഷ അതോറിട്ടിയുടെ മേൽനോട്ടത്തിലുള്ള അഞ്ചംഗ സമിതിയാണ് പരിശോധനയ്ക്കെത്തിയത്. ഇന്നലെ രാവിലെ 10ന് തേക്കടിയിൽനിന്ന് മുല്ലപ്പെരിയാർ ഡാമിലേക്ക് ബോട്ട് മാർഗമാണ് പുറപ്പെട്ടത്. എൻ.എച്ച്.പി.സി മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപാൽ ധവാൻ, ഐ.ഐ.ടി റൂർക്കിയിലെ പ്രൊഫസർ എം.എൽ. ശർമ്മ, ഗംഗ പ്രളയ നിയന്ത്രണ കമ്മിഷൻ മുൻ ചെയർമാൻ ഗുൽഷൻ രാജ്, കേരളത്തിന്റെ പ്രതിനിധിയായ ഒഡീഷ ജലവിഭവ വകുപ്പ് മുൻ ചീഫ് എൻജിനീയർ അശുതോഷ് ദാഷ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. നാലിന് വിദഗ്ദ്ധ സംഘം തേക്കടിയിൽ നിന്ന് മടങ്ങും. സമിതിയുടെ റിപ്പോർട്ടിനു പിന്നാലെ തുടർനടപടികൾ വിലയിരുത്താൻ ഡൽഹിയിൽ ഉന്നതതല യോഗം ചേരും. 2022ലാണ് മുല്ലപെരിയാറിൽ പുതിയ സമഗ്ര പരിശോധന നടത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA