SignIn
Kerala Kaumudi Online
Sunday, 17 May 2026 2.38 AM IST

കാന്താരിയടിച്ച് ഫിറ്റായി സായിപ്പ്, ഓസ്ട്രേലിയയിൽ കച്ചവടം പൊടിപൊടിക്കുന്നു

aadarsh-amal

തൊടുപുഴ: കാന്താരിയുടെ ടേസ്റ്റ് ഓസ്ട്രേലിയയിലെ സായിപ്പൻമാർക്ക് നന്നേ പിടിച്ചു. കച്ചവടം പൊടിപൊടിക്കുന്നു. ഇതിന്റെ ലഹരിയിലാണ് തൊടുപുഴ കാഞ്ഞിരമറ്റം പാൻകാവിൽ സഹോദരങ്ങളായ ആദർശും അമലും. എരിവു മുളകല്ല, നാടൻ വാറ്റാണ് കാന്താരി. 45 ശതമാനം ആൽക്കഹോളുള്ള സ്വയമ്പൻ സാധനം.

ഓസ്ട്രേലിയയിൽ ചാരായം വാറ്റാൻ പോയവരാണ് സഹോദരങ്ങളെന്നു കരുതരുത്. കാനഡയിൽ ബിസിനസ് മാനേജ്മെന്റ് കഴിഞ്ഞ അമൽ (36) ദുബായിൽ കണസൾട്ടന്റാണ്. എൻജിനിയറിംഗ് കഴി‌ഞ്ഞ ആദർശ് (30) ഓസ്ട്രേലിയയിൽ ബാങ്ക് ജീവനക്കാരനും.

ജോലിക്കൊപ്പം ബിസിനസിനും ഇരുവർക്കും താത്പര്യം. അതാണ് 'കാന്താരി സ്പിരിറ്റ്സ് " എന്ന വാറ്റിൽ കൊണ്ടെത്തിച്ചത്. ഡിസ്റ്റിലറി തുടങ്ങാനും മദ്യം വിൽക്കാനും വലിയ നൂലാമാലകൾ ഓസ്ട്രേലിയയിലില്ല. സൗത്ത് ഓസ്ട്രേലിയയിലെ സ്റ്റുവർട്ട് അഡ്‌ലെയ്‌ഡിലാണ് ഉത്പാദന കേന്ദ്രം. ഓൾഡ് ടൗൺ സ്പിരിറ്റ്സ് എന്നാണ് പേര്. ഇവിടെ നാട്ടിലെ രണ്ടുപേർക്ക് ജോലി നൽകി. പ്രൊഡക്ഷൻ ചുമതല ആദർശിനും മാർക്കറ്റിംഗ് അമലിനും. അമൽ ഇടയ്ക്കിടെ ദുബായിൽ നിന്നെത്തി സഹോദരനെ സഹായിക്കും. ഇരുവരും വിവാഹിതരാണ്.

ഇന്ത്യയിലും എത്തിക്കും

വാറ്റു ചാരായം വില്പന ഓൺലൈനിലാണ്. വാറ്റുന്നത് മുഴുവൻ ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ട്. 750 മില്ലി ലിറ്റർ ബോട്ടിലിന് 79ഓസ്ട്രേലിയൻ ഡോളറാണ് (5484 രൂപ) വില. ഉത്പാദനം കൂട്ടി കടകളിൽ നേരിട്ട് വിൽക്കാനുള്ള ലൈസൻസ് ഉടനെടുക്കും. ദുബായ്, യു.കെ, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കയറ്റുമതിക്ക് അനുമതിയായി. ഇന്ത്യയിൽ എത്തിക്കാനുള്ള പേപ്പർ വർക്കും പുരോഗമിക്കുകയാണ്. കമ്പനി വിപുലീകരിച്ച് റം, വോഡ്ക, ജിൻ ഉത്പാദനത്തിനും പദ്ധതിയുണ്ട്.

പേര് വന്നവഴി

കേരളത്തിന്റെ ഐഡന്റിറ്റിയുള്ള പേര് മദ്യത്തിന് നൽകണമെന്നാഗ്രഹിച്ച് നൂറോളമെണ്ണം എഴുതി നോക്കി. അതിൽ നിന്നാണ് കാന്താരി തിരഞ്ഞെടുത്തത്. ബോട്ടിലിലെ സ്റ്റിക്കറിലും കവറിലും 'നാടൻ വാറ്റ് " എന്ന് മലയാളത്തിൽ എഴുതാനും തീരുമാനിച്ചു.

എല്ലാവരുടെയും ഇഷ്ട ബ്രാൻഡായി കാന്താരിയെ മാറ്റുകയാണ് ലക്ഷ്യം

-ആദർശ്, അമൽ (കമ്പനി സ്ഥാപകർ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DDD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA