SignIn
Kerala Kaumudi Online
Tuesday, 16 June 2026 2.57 AM IST

18കാരൻ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു അപകടം പൊലീസിനെ വെട്ടിച്ചു കടക്കവേ

READ ENGLISH VERSION
sahil

കൊച്ചി: വിദ്യാർത്ഥിയെ ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്ത സംഘത്തിലെ 18കാരൻ പൊലീസിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാലു നില കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. സംഘത്തിലെ 17കാരൻ പിടിയിലായി. പള്ളുരുത്തി സ്വദേശിയായ മറ്റൊരു പ്രതി പൊലീസിനെ വെട്ടിച്ചു കടന്നു.

ഫോർട്ട് കൊച്ചി നെല്ലുകടവ് ഈരവേലി വീട്ടിൽ മുഹമ്മദ് സാഹിലാണ് (18) എറണാകുളം നോർത്ത് മേൽപ്പാലത്തിന് സമീപം ഹലാ റെസിഡൻസി ലോഡ്ജിലെ നാലാംനിലയിൽ നിന്ന് വീണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 3.45ന് എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം കമ്മട്ടിപ്പാടത്ത് റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുകയായിരുന്ന വിദ്യാർത്ഥിയെ കരിങ്കൽകൊണ്ട് ആക്രമിച്ച് 25,000 രൂപ വിലയുള്ള മൊബൈൽ കവർന്നശേഷം സംഘം ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു.

ഇവരെ അന്വേഷിച്ചെത്തിയ പൊലീസിന്റെ ജീപ്പ് ലോഡ്ജിന് താഴെ കണ്ട മുഹമ്മദ് സാഹിലും പതിനേഴുകാരനും നാലാംനിലയിലേക്ക് ഓടിക്കയറി. തുടർന്ന് സൺഷെയ്ഡിൽ ഒളിക്കുന്നതിനിടെ മുഹമ്മദ് സാഹിൽ കാൽവഴുതി സമീപത്തെ പരമാര ക്ഷേത്ര കവാടത്തിലേക്കുള്ള നടപ്പാതയിലേക്ക് വീഴുകയായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് മരിച്ചു.

പിടികൂടിയ 17കാരനെ ജുവനൈൽ ജസ്റ്റിസ് ബോർ‌ഡിന് മുമ്പാകെ ഹാജരാക്കി ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി. രക്ഷപ്പെട്ട മൂന്നാമന് വേണ്ടി തെരച്ചിൽ തുടരുന്നു. മൂന്നുപേരും നിരവധി മോഷണ കേസുകളിൽ പ്രതികളാണ്. മുമ്പ് പലതവണ പിടിയിലായി ബോസ്റ്റൽ സ്കൂളിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ട്. ഇവർ തങ്ങിയ ലോഡ്ജ് മുറിയിൽ നിന്ന് നിരവധി വ്യാജ ആധാർ കാർഡുകളും വിദ്യാർത്ഥിയിൽ നിന്ന് കവർന്ന ഫോണും കണ്ടെടുത്തു.

കമ്മട്ടിപ്പാടം സ്റ്റാർഹോംസ് അപ്പാർട്ട്മെന്റിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ലോജിസ്റ്റിക്സ് കോഴ്സ് വിദ്യാർത്ഥി പത്തനംതിട്ട കുറ്റൂർ തെങ്ങേലി കേരച്ചാൽ വീട്ടിൽ ആദിത്യരാജിന്റെ (21) മൊബൈലാണ് തട്ടിയെടുത്തത്. മോഷണക്കേസ് കടവന്ത്ര പൊലീസും കെട്ടിടത്തിൽ നിന്ന് വീണുമരിച്ചത് നോർത്ത് പൊലീസുമാണ് അന്വേഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA