SignIn
Kerala Kaumudi Online
Wednesday, 17 June 2026 1.23 AM IST

പകർച്ചവ്യാധി പ്രതിരോധത്തിന് ഉന്നതാധികാര സമിതി, സർക്കാർ-സ്വകാര്യ പങ്കാളിത്തം

k-muralidharan

 സർക്കാർ-സ്വകാര്യ പങ്കാളിത്തം

തിരുവനന്തപുരം: പകർച്ചവ്യാധി ബാധിതരുടെ എണ്ണം കുറയ്ക്കാനും മരണം ഇല്ലാതാക്കാനും താഴേത്തട്ട് മുതൽ സ്വീകരിക്കേണ്ട നടപടികൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ-സ്വകാര്യ മേഖലയിലെ ഡോക്ടർമാരെയും സംഘനകളെയും ഉൾപ്പെടുത്തി ഉന്നതാധികാര കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഇത് സംബന്ധിച്ച ആദ്യയോഗം നടന്നതായും മന്ത്രി കൂട്ടിച്ചേർത്തു.ലോകാരോഗ്യ സംഘടനയുടെ കൺസൾട്ടന്റായ ഡോ. എസ്.എസ്.ലാൽ സമിതി ചെയർമാനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് കോ ഓർഡിനേറ്ററുെ ഡോ.ശ്രീജിത്ത്.എൻ.കുമാറാണ് കൺവീനറുമായിരിക്കും.

കമ്മിറ്റിയുടെ ശുപാർശകൾ ആരോഗ്യവകുപ്പ് ചർച്ചചെയ്ത് നടപടിയെടുക്കും.എപ്പിഡമിക് കലണ്ടർ തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും ഇതിനായി സംസ്ഥാന ജില്ലതലങ്ങളിൽ ഔട്ട് ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റും ആക്ഷൻ കമ്മിറ്റികളും സമിതിയുടെ ഭാഗമാകും.ആയുഷ്, തദ്ദേശം, മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷാ തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളും കമ്മിറ്റിയിലുണ്ടാകും.

ഐ.എം.എയുടെയും ആരോഗ്യവകുപ്പിലെ വിവിധസംഘടനകളുടെയും പൂർണ പങ്കാളിത്തവും കമ്മിറ്റിയിലുണ്ടാകും. ആരോഗ്യസംരക്ഷത്തിന് സർക്കാർ സ്വകാര്യ മേഖലകൾ ഒരുമിച്ച് നിൽക്കണമെന്നതാണ് സർക്കാർ നയം. അത് സ്വകാര്യവത്കരണമല്ല. സർക്കാർ മേഖലയിൽ മാത്രമല്ല ആശുപത്രികളും ചികിത്സയും നടക്കുന്നത്. അതിനാൽ എല്ലാവരും ഒരുമിച്ച് നീങ്ങണമെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു.

ഷിഗെല്ല ഈവർഷം 146 കേസുകൾ:

ഈമാസം 70, മരണം 5

സംസ്ഥാനത്ത് ജനുവരി മുതൽ ജൂൺ 15 വരെ 146 ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഈമാസം 70 കേസുകൾ. അഞ്ചു മരണങ്ങളുണ്ടായി. രണ്ടെണ്ണം വീതം കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഒരെണ്ണം തൃശൂരുമാണ്. കോഴിക്കോടാണ് ഏറ്റവും കൂടുതൽ കേസുകൾ. ഈവർഷം 74 കേസുകളാണ് ജില്ലയിലുണ്ടായത്. ഈമാസം 22 കേസുകൾ. കോഴിക്കോട് ചികിത്സയിലുള്ള ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഇടുക്കിയിൽ ഇന്നലെ രണ്ടു കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു.

38 നിപ പരിശോധനകളിൽ ഒരാൾക്ക് മാത്രമാണ് പോസിറ്റീവ്.ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു. നിപ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുൾ സ്റ്റോക്കുണ്ട്.ആർക്കും ആശങ്ക വേണ്ട. നിപയെ കുറിച്ച് ഇതിനോടകം നടന്ന പഠനങ്ങളിൽ എന്തുകൊണ്ട് ചിലപ്രദേശങ്ങളിൽ മാത്രം രോഗം റിപ്പോർട്ട് ചെയ്യുന്നുവെന്ന് വ്യക്തമല്ല. ഇക്കാര്യം കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഡ്രൈഡേ കലണ്ടർ പുറത്തിറക്കും

പകർച്ചവ്യാധി പ്രതിരോധത്തിന് ഉറവിട നശീകരണം പ്രധാനമാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി ഡ്രൈഡേ നടത്തുന്നതിനുള്ള കലണ്ടർ ഉടൻ പുറത്തിറക്കും.സർക്കാർ ഓഫീസുകളും സ്ക്കൂളുകളും നിർബന്ധമായി ഡ്രൈഡേ ആചരിക്കണം.

കുപ്പിവെള്ളം പരിശോധിക്കും,

തട്ടുകടകളിൽ പരിശോധന

ജലജന്യ രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ കുപ്പിവെള്ളമുൾപ്പെടെ കർശനമായി പരിശോധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി കെ.മുരളീധരൻ അറിയിച്ചു. കുപ്പിയിലെയും വലിയ ക്യാനുകളിലെയും വെള്ളം പരിശോധിക്കും. വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകൾ അനുവദിക്കില്ല. പരിശോധന കൂടുതൽ ഊർജ്ജിതമാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DR.S.S. LAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA