
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് ശേഷം പുറത്തിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ സി.പി.എം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തികിന്റെ ശാസന. സ്ഥിതി നിയന്ത്രണാതീതമായിട്ടും എന്തുകൊണ്ട് ലാത്തിച്ചാർജ്ജ് നടത്തിയില്ലെന്ന് അദ്ദേഹം ചോദിച്ചു.
വീടിനു മുന്നിൽ ഉണ്ടായിരുന്ന എസ്.ഐമാർ, സി.ഐമാർ, അസിസ്റ്റന്റ് കമ്മിഷണർ, ഡി.സി.പി എന്നിവരെ തിങ്കളാഴ്ച ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ശാസന. ലാത്തിച്ചാർജ്ജിന് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശം ലഭിച്ചില്ലെന്നായിരുന്നു മറുപടി. അപ്രതീക്ഷിതമായിരുന്നു ആക്രമണമെന്ന് ഡി.സി.പിയും മ്യൂസിയം ഇൻസ്‌പെക്ടറും പറഞ്ഞു. ഇനി ഇങ്ങനെയൊരു സംഭവം ഉണ്ടാകാതിരിക്കാനാണ് നേരിട്ട് വിളിച്ച് പറയുന്നതെന്ന് കമ്മിഷണർ വ്യക്തമാക്കി. സംഭവദിവസം കമ്മിഷണർ അവധിയിലായിരുന്നു.
അതേസമയം കേസിലെ അന്വേഷണച്ചുമതലകളിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മ്യൂസിയം എസ്.എച്ച്.ഒ ആർ.പ്രശാന്ത് കമ്മിഷണർക്ക് കത്ത് നൽകി. തത്കാലം ചുമതല തുടരാൻ കമ്മിഷണർ നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |