SignIn
Kerala Kaumudi Online
Tuesday, 22 September 2026 11.36 AM IST

എന്ത്  നേട്ടമുണ്ടാക്കാമെന്നാണ്  ബിജെപി  കണക്കുകൂട്ടുന്നത്? കടുത്ത വിമർശനങ്ങളുമായി കത്തോലിക്ക  സഭയുടെ  മുഖപത്രം

READ ENGLISH VERSION
bjp

തിരുവനന്തപുരം: ബിജെപിക്കെതിരെ വിമർശനങ്ങളുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. ക്രൈസ്‌തവരോടുള്ള ബിജെപിയുടെ സമീപനത്തിൽ ഇരട്ടത്താപ്പെന്ന് മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. രാജ്യത്തെ ക്രൈസ്‌തവ പീഡനങ്ങളോട് മുഖംതിരിച്ചുകൊണ്ടാണ് 2026ൽ കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

'ഗോവയിലും കേരളത്തിലുമുൾപ്പെടെ ക്രൈസ്‌തവരോടൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ബിജെപി, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്‌തവ പീഡനങ്ങൾക്ക് ഒത്താശ ചെയ്യുകയാണ്. ബിജെപിയുടെ ഇരട്ടത്താപ്പ് നയം അങ്ങേയറ്റം അപമാനകരമാണ്. ഉത്തരേന്ത്യയിൽ ക്രൈസ്‌തവ പീഡനങ്ങൾക്ക് ഒത്താശക്കാരായി നിലകൊള്ളുന്നു. ന്യൂനപക്ഷ വിരുദ്ധതയും വർഗീയതയും ആളിക്കത്തിച്ച് നേട്ടം കൊയ്യുകയാണ് ബിജെപി. രാജ്യത്ത് തീർത്തും ന്യൂനപക്ഷമായ ക്രൈസ്‌തവരെ ഭയചകിതരാക്കി എന്ത് നേട്ടമുണ്ടാക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. കിരാത മതപരിവർത്തന നിയമം കൊണ്ടുവരുന്നത് വിശ്വാസികളെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.

മതപരിവർത്തനം വ്യാപകമായി നടക്കുന്നുവെന്നാണ് ബിജെപി എംഎൽഎമാർ ആരോപിക്കുന്നത്. നിർബന്ധിത മതപരിവർത്തനത്തിന് നിലവിൽതന്നെ നിയമങ്ങളുണ്ട്. ആറുമാസത്തിനകം അനധികൃത പള്ളികൾ പൊളിച്ചുമാറ്റുമെന്നാണ് മഹാരാഷ്‌ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞത്. അനധികൃതമായി പള്ളികൾ നിർമിക്കുകയെന്നത് കത്തോലിക്ക സഭയുടെ അജണ്ടയിലുള്ള പ്രവൃത്തിയല്ല.

ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ കഴിഞ്ഞവർഷം വരെ ക്രൈസ്‌തവർക്കെതിരെ 4316 അക്രമസംഭവങ്ങൾ ഉണ്ടായതായി യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞവർഷം മാത്രം 834 ആക്രമണങ്ങളുണ്ടായി. നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014ൽ ഇത് 127 ആയിരുന്നു. മതപരിവർത്തനം ആരോപിച്ച് നിരവധി അറസ്റ്റുകളും എഫ്‌ഐആറുകളുമുണ്ടായി. ഇത്തരത്തിൽ രാജ്യത്ത് നടക്കുന്ന ക്രൈസ്‌തവ പീഡനങ്ങളോട് അരുതെന്ന് പറയാതെയാണ് 2026ൽ കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഈ ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ വ്യക്തത വരുത്തണം'- ദീപികയുടെ മുഖപ്രസംഗത്തിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP, DEEPIKA, EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA