SignIn
Kerala Kaumudi Online
Monday, 25 May 2026 1.49 PM IST

ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ വൻ സംവരണ അട്ടിമറി

college

തിരുവനന്തപുരം: ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനത്തിൽ സംവരണ അട്ടിമറി. പട്ടിക, പിന്നാക്ക വിഭാഗങ്ങൾക്ക് ലഭിക്കേണ്ട 16തസ്തികകളാണ് നഷ്ടമായത്. പട്ടികവിഭാഗം -4, ഈഴവ -3, മുസ്ലീം -3, ലത്തീൻ -2, ഒ.ബി.സി -2, ധീവര, വിശ്വകർമ്മ -ഒന്നു വീതം തസ്തികകളിലാണിത്. ഭിന്നശേഷിവിഭാഗത്തിലെ യോഗ്യനായ അദ്ധ്യാപകനുണ്ടായിട്ടും നിയമനം നൽകിയില്ല. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുൻപാണ് 33 കോളേജുകളിൽ പ്രിൻസിപ്പൽമാരെ നിയമിച്ചത്.

15വർഷത്തിൽ കുറയാത്ത സർവീസുള്ള അദ്ധ്യാപകരിൽനിന്ന് പുതുതായി അപേക്ഷ ക്ഷണിച്ച് 5വർഷ കാലാവധിയിൽ നിയമനത്തിനാണ് യു.ജി.സി ചട്ടം. ഇത്തരം നിയമനങ്ങളിൽ സംവരണ ചട്ടങ്ങൾ പൂർണമായി പാലിക്കേണ്ടതാണ്. നേരിട്ടുള്ള നിയമന രീതിയിലാണ് നടപടികളെല്ലാം പൂർത്തിയാക്കിയത്. എന്നാൽ സംവരണാടിസ്ഥാനത്തിലുള്ള തസ്തികകളുടെ വിജ്ഞാപനം മുൻകൂട്ടി ഇറക്കേണ്ടതടക്കം നടപടിക്രമങ്ങളൊന്നും പാലിച്ചില്ല. സംവരണാടിസ്ഥാനത്തിൽ നിയമിക്കാനുള്ള റൊട്ടേഷനും പാലിച്ചിട്ടില്ല. 'വേണ്ടപ്പെട്ടവരെ' നിയമിക്കാനുള്ള കുറുക്കുവഴിയാണിതെന്നാണ് ആക്ഷേപം

മൂന്ന് പട്ടികകളാണ് നിയമനത്തിനുണ്ടായിരുന്നത്. ആദ്യ പട്ടികയിലെ 14പേർ മൂന്നാം പട്ടികയിൽ അപ്രത്യക്ഷരായി. രണ്ടാം പട്ടികയിലുണ്ടായിരുന്ന 15 പേർ മൂന്നാംപട്ടികയിലില്ല. ആദ്യ രണ്ടു പട്ടികകളിൽ ഇല്ലായിരുന്ന ഒരു അദ്ധ്യാപകൻ 110സ്കോറോടെ മൂന്നാം പട്ടികയിൽ ഉൾപ്പെട്ടു. റിസർച്ച്സ്കോറിന്റെ അടിസ്ഥാനത്തിൽ മാർക്ക് നിശ്ചയിച്ച രീതി അവ്യക്തമാണ്. യു.ജി.സി അംഗീകൃത ജേർണലുകളിൽ 10 പ്രസിദ്ധീകരണങ്ങൾ വേണമെന്നാണ് യു.ജി.സി മാനദണ്ഡം. എന്നാൽ,ഇതിന് കോളേജ് മാസികകളിൽ വന്ന ലേഖനങ്ങൾപോലും പരിഗണിക്കപ്പെട്ടു. 10ഗവേഷണ പേപ്പറും 110 ഗവേഷണ സ്കോറുമായിരുന്നു പ്രധാന യോഗ്യതയായി നിശ്ചയിച്ചിരുന്നത്. ​ഗവേഷണ സ്കോറിന് അമിത പ്രാധാന്യം നൽകി, വർഷങ്ങളുടെ സേവനപരിചയമുള്ളവരെ ഒഴിവാക്കി.

പിന്നാക്കക്കാരെ

വെട്ടിനിരത്തി

□രണ്ടാം തസ്തിക ഈഴവർക്കും നാലാമത്തേത് പട്ടികജാതിക്കും ആറാമത്തേത് മുസ്ലീമിനും എട്ടാമത്തേത് ലത്തീനും നൽകേണ്ടതായിരുന്നെങ്കിലും ഈ വിഭാഗങ്ങളിലുള്ളവരെയല്ല നിയമിച്ചത്.

□പന്ത്രണ്ടാമത്തെ നിയമനം പട്ടികജാതി, പതിനാലാമത്തേത് ഈഴവ, 18ാമത്തേത് ധീവര, ഇരുപതാമത്തേത് വിശ്വകർമ്മ എന്നിങ്ങനെയായിരുന്നെങ്കിലും നിയമനം അത്തരത്തിലല്ല.

□22-ാം തസ്തിക ലത്തീൻ, 24-ാമത്തേത് പട്ടികജാതി, 26-ാമത്തേത് മുസ്ലീം, 28-ാമത്തേത് ഈഴവ, മുപ്പതാമത്തേത് ഒ.ബി.സി, 32-ാമത്തേത് പട്ടികജാതി എന്നിങ്ങനെയാണ് നൽകേണ്ടിയിരുന്നത്. അതും ലംഘിക്കപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA