
ആലപ്പുഴ: വിദ്യാസമ്പന്നർ ജോലിക്കായി സംസ്ഥാനം വിടുമ്പോൾ, തൊഴിൽ സാദ്ധ്യതകളും വിപണിയും പഠിക്കാനുള്ള എംപ്ളോയ്മെന്റ് മാർക്കറ്റ് ഇൻഫർമേഷൻ ഓഫീസുകൾ നോക്കുകുത്തികളായി. തൊഴിൽ സാദ്ധ്യതകൾ വിലയിരുത്തി തൊഴിലിന്റെയും തൊഴിൽ അന്വേഷകരുടെയും മികവും കുറവും സംസ്ഥാന ആസൂത്രണ വകുപ്പിനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനമാണ് ഇ.എം.ഐ യൂണിറ്റ്.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ മാത്രമാണ് ഇ.എം.ഐ ഓഫീസർ തസ്തിക നിലവിലുള്ളത്. പ്രവർത്തനം ഏകോപിപ്പിക്കാൻ എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിലുണ്ടായിരുന്ന സ്റ്റേറ്റ് എംപ്ലോയ്മെന്റ് മാർക്കറ്റ് ഇൻഫർമേഷൻ ഓഫീസർ തസ്തിക ഒന്നാം പിണറായി സർക്കാർ നിർത്തലാക്കി.
ഇതോടെ 10 ജില്ലകളിലെ റിസർച്ച് ആൻഡ് ഡെവലപ് മെന്റ് വിഭാഗത്തിന്റെ പ്രവർത്തനം നിർജ്ജീവമായി.
അതേസമയം, എംപ്ളോയ്മെന്റ് സർവീസ് വകുപ്പിനായി നിർബന്ധിത വിജ്ഞാപന നിയമ പ്രകാരമുള്ള സ്ഥാപന പരിശോധനയ്ക്കും ജീവനക്കാർക്ക് സംരക്ഷണം നൽകുന്നതിനുമുള്ള ചട്ടങ്ങൾക്ക് ശുപാർശ ചെയ്യുന്ന പൊതുഭരണ വകുപ്പിന്റെ പ്രവൃത്തി പഠന റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. എ.ഐയിലുൾപ്പെടെ സ്വദേശത്തും വിദേശത്തും അനന്തമായ തൊഴിൽ സാദ്ധ്യതകളെപ്പറ്റി നിരന്തരമായ പഠന, ഗവേഷണങ്ങൾക്ക് വകുപ്പിൽ ഒരു റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം രൂപീകരിക്കാനും പൊതുഭരണ വകുപ്പ് ശുപാർശ ചെയ്തിരിക്കെയാണ് ഇ.എം.ഐ ഓഫീസുകൾ പേരിലൊതുങ്ങുന്നത്.
ഇ.എം.ഐ ഓഫീസ്
ചുമതലകൾ
#കരിയർ കൗൺസലിംഗ്
#സൈക്കോമെട്രി ടെസ്റ്റുകൾ വികസിപ്പിക്കൽ
#കരിയർ ഇൻഫർമേഷനുകളുടെ ശേഖരണം
#വിശകലനം,വിന്യാസം,വിതരണം,സൂക്ഷിപ്പ്
# പുതിയ തൊഴിൽ സാദ്ധ്യത തേടൽ
# നിരന്തര ഗവേഷണം
സ്റ്റേറ്റ് എംപ്ലോയ്മെന്റ് മാർക്കറ്റ് ഇൻഫർമേഷൻ ഓഫീസർ തസ്തിക നിറുത്തലാക്കിയിട്ട് ഏഴുവർഷത്തിലേറെയായി. 10 ജില്ലാതല ഓഫീസർ തസ്തികകളിൽ ആളില്ലെങ്കിലും ഓഫീസുകൾ പ്രവർത്തനക്ഷമമാണ്
-ഡയറക്ടറേറ്റ്, എംപ്ളോയ്മെന്റ് സർവീസ് വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |