
കണ്ണൂർ: സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര കരിമണൽ വ്യവസായി ശശിധരൻ കർത്തായിൽ നിന്ന് പണം വാങ്ങിയെന്നാരോപിച്ച് ജയരാജന്റെ സഹോദരീ പുത്രൻ ഇ.പി.ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.ജയരാജന്റെ കൈപ്പടയിലുള്ളതെന്ന് അവകാശപ്പെട്ട നോട്ട്ബുക്ക് പേജിന്റെ ചിത്രം സഹിതമാണിത്. പോസ്റ്റ് താനിട്ടതല്ലെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നുമുള്ള വിശദീകരണവുമായി ശ്യാംജിത്ത് പിന്നാലെ രംഗത്തെത്തി. ആരോപണം തള്ളിയ ജയരാജൻ, നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
കർത്തയിൽ നിന്ന് വാങ്ങിയ പണമാണ് വൈദേകം റിസോർട്ടിൽ ചെലവഴിച്ചതെന്നും റിസോർട്ടിൽ ചിലർ കണക്കിൽപ്പെടാത്ത കോടിക്കണക്കിന് രൂപ നിക്ഷേപിച്ച വിവരം അടുത്ത ദിവസം വെളിപ്പെടുത്തുമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.വൈകാതെ, ഈ പോസ്റ്റ് പിൻവലിക്കപ്പെട്ടു
ബന്ധമില്ലെന്ന്
ജയരാജൻ
വൈദേകം റിസോർട്ടുമായി തനിക്ക് സാമ്പത്തിക ബന്ധമോ ഷെയറോ ഇല്ലെന്ന് ഇ.പി.ജയരാജൻ പറഞ്ഞു. തുടക്കത്തിൽ താൻ ഉപദേശവും പ്രോത്സാഹനവും നൽകിയിരുന്നു. ഭാര്യ വിരമിച്ചമ്പോൾ ലഭിച്ച തുകയാണ് ഷെയറായി നിക്ഷേപിച്ചത്. ഡയറക്ടർമാരുടെയും നിക്ഷേപങ്ങളുടെയും വിവരങ്ങൾ പരസ്യമാണ്. വൻ നിക്ഷേപമുള്ള ആരും സ്ഥാപനത്തിലില്ല. ഇന്നു വരെ ശശിധരൻ കർത്തായുമായി ബന്ധപ്പെടാത്തയാളാണ് താൻ. കർത്തായുടെ പേര് ഭാര്യയ്ക്ക് അറിയില്ല.തന്റെ നിർദേശ പ്രകാരം അക്കൗണ്ട് മാനേജരായി നിയമിക്കപ്പെട്ട ശ്യാംജിത്തിന്റെ ഭാര്യ ദീപയെ നിരവധി ക്രമക്കേടുകളെ തുടർന്ന് പുറത്താക്കിയതിന്റെ പ്രതികാരമാണ് ആരോപണം. വാർത്ത നൽകിയവർക്കും
ആരോപണമുന്നയിച്ചവർക്കുമെതിരെ ക്രിമിനൽ, മാനനഷ്ടക്കേസുകൾ നൽകും. ഒരു സ്വകാര്യചാനലിനെതിരെ പ്രസ് കൗൺസിലിൽ പരാതി നൽകുമെന്നും ജയരാജൻ അറിയിച്ചു.
പിന്നാലെയാണ് ,താൻ പോസ്റ്റ് മനഃപൂർവം പ്രസിദ്ധീകരിച്ചതല്ലെന്നും അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്തതായി സംശയിക്കുന്നുവെന്നും ശ്യാംജിത്ത് വിശദീകരിച്ചത് .മാദ്ധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |