
കോഴിക്കോട്: ആയുസിന്റെ ബലം... അല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു...’ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസം എല്ലാവരുടെയും മുഖത്ത് പ്രകടം. കോഴിക്കോട് തിരിച്ചെത്തിയിട്ടും നേപ്പാളിലെ പ്രളയദുരന്തത്തിന്റെ ഭീതി വിട്ടുമാറുന്നില്ല.
42 വിനോദ സഞ്ചാരികളും ടൂർ ഓപ്പറേറ്റർമാരുമടങ്ങുന്ന സംഘമാണ് നേപ്പാളിൽ ഓണാവധി ആഘോഷിക്കാൻ പോയത്. ബാലുശേരിയിലെ ടൂർ ഏജൻസി മുഖേനയായിരുന്നു യാത്ര. ബന്ധുക്കളും കുടുംബസുഹൃത്തുക്കളും അയൽക്കാരുമെല്ലാം ഉൾപ്പെട്ടതായിരുന്നു സംഘം.
പ്രതിസന്ധികൾ തരണം ചെയ്ത് ഇന്നലെ രാവിലെയാണ് നാട്ടിലെത്തിയത്. മൂന്ന് മാനന്തവാടി സ്വദേശികളും കോഴിക്കോട്ടെ ഉള്ള്യേരി, ബാലുശ്ശേരി, ചേമഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരുമാണ് സംഘത്തിലുണ്ടായിരുന്നത്. ചേമഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റും പ്രഭാഷകനുമായ കെ. ഭാസ്കരൻ, ചേലിയ കഥകളി വിദ്യാലയം ഭാരവാഹി എൻ.വി. സദാനന്ദൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
ഞായറാഴ്ച രാവിലെ നേപ്പാളിലെ ബൈരാവയിൽ നിന്ന് മടങ്ങിയ സംഘം വൈകീട്ടോടെ ഗൊരഖ്‌പൂരിലെത്തി. അവിടെനിന്ന് വിമാനത്തിൽ രാത്രി ഒമ്പതോടെ ബംഗളൂരുവിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് ബസിൽ വയനാട് വഴി കോഴിക്കോട്ടേക്ക്. ഇന്നലെ രാവിലെ 11-ഓടെയാണ് കോഴിക്കോട്ടെത്തിയത്.
പ്രളയഭീതിയിലായ ദിനങ്ങൾ
ഓഗസ്റ്റ് 21ന് ഉള്ള്യേരിയിൽ നിന്നാണ് പുറപ്പെട്ടത്. ബംഗളൂരുവിലേക്കും അവിടെ നിന്ന് ഗൊരഖ്പൂർ വഴി നേപ്പാളിലേക്കുമായിരുന്നു യാത്ര. 22ന് നേപ്പാളിലെത്തി. വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് 26ന് പൊക്രയിലെത്തി. കാഠ്മണ്ഡുവിലേക്ക് പോകാനായിരുന്നു പദ്ധതി. പ്രളയമുണ്ടാകുമ്പോൾ 200 കിലോമീറ്റർ അകലെയായിരുന്നതിനാലാണ് രക്ഷപ്പെട്ടത്. ഓണാഘോഷം കഴിഞ്ഞപ്പോഴാണ് പ്രളയത്തെക്കുറിച്ച് അറിയുന്നത്. സർക്കാരിന്റെ ജാഗ്രതാനിർദ്ദേശം പാലിച്ച് ഹോട്ടലിൽ കഴിഞ്ഞു. മൊബൈൽ നെറ്റ്‌വർക്ക് തുടർച്ചയായി മുടങ്ങിയത് നാട്ടിലെ ബന്ധുക്കളിലും സുഹൃത്തുക്കളിലും വലിയ ആശങ്ക സൃഷ്ടിച്ചു. ഭക്ഷണത്തിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടായില്ല.
15 പേർ കൂടി കേരളത്തിലേക്ക്
മിന്നൽ പ്രളയത്തെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയ 15 മലയാളികൾ കൂടി കേരളത്തിലേക്ക് യാത്ര തിരിച്ചു. ഇന്നലെ ഇവർ ഡൽഹിയിലെത്തി. രണ്ടുപേർ നേപ്പാളിൽ തുടരുകയാണ്. കുടുംബത്തോടൊപ്പവും സംഘങ്ങൾക്കൊപ്പവും യാത്ര ചെയ്തവരും നോർക്കാ ഹെൽപ്പ് ഡെസ്കുകകളിൽ രജിസ്റ്റർ ചെയ്യാത്തവരുമാണ് മടങ്ങുന്നത്.
കൈലാസ് മാനസസരോവർ യാത്രാ സംഘത്തിലെ 19 മലയാളിതളുൾപ്പെടുന്ന 23 അംഗ സംഘത്തിലെ എട്ടു പേർ കൂടി ഇന്നലെ ഡൽഹിയിലെത്തി. നേപ്പാളിൽ നിന്ന് മടങ്ങുന്നവരിൽ ഡോ. രേഖാ നായരുടെ നേതൃത്വത്തിലുള്ള ആറംഗ ഡോക്ടർമാരുടെ സംഘവും ഉൾപ്പെടുന്നു. കാഠ്മണ്ഡുവിലെത്തിയ സംഘം ഇന്ന് വിമാനമാർഗം ഡൽഹിയിലെത്തും. സംഘത്തിലെ രണ്ടു പേർ ഇന്ന് രാത്രി 11.30ന് ഇൻഡിയോ വിമാനത്തിൽ തിരുവനന്തപുരത്തെത്തും.
അതേസമയം നോർക്ക ഹെൽപ്പ് ഡെസ്കിൽ രജിസ്റ്റർ ചെയ്ത ആറു പേരുമായി ആശയവിനിമയം സാദ്ധ്യമായിട്ടില്ല. നാല് ഓസ്ട്രേലിയൻ പൗരന്മാർ, ബ്രിട്ടീഷ് പൗരത്വമുള്ള ഒരാൾ, അമേരിക്കൻ പൗരത്വമുള്ള കൃഷ്ണകുമാർ രാഘവൻ (59) എന്നിവരുമായാണ് ആശയവിനിമയം നടത്താൻ കഴിയാത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |