
തിരുവനന്തപുരം: എൻ. ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണറാക്കാനുള്ള സർക്കാർ ശുപാർശയിൽ ഗവർണറുടെ തീരുമാനം ഉടനുണ്ടായേക്കും. തമിഴ്നാടിന്റെ ചുമതലകൂടിയുള്ള ഗവർണർ ആർ.വി. ആർലേക്കർ ചെന്നൈയിലാണ്. നാളെ തിരിച്ചെത്തും.
കഴിഞ്ഞ ആഴ്ചത്തെ മന്ത്രിസഭാ യോഗമാണ് എൻ. ശേഷാദ്രിനാഥന്റെ പേര് ശുപാർശ ചെയ്തത്. മുൻ ജില്ലാ ജഡ്ജിയാണ്. വിരമിച്ച ജഡ്‌ജിയായതിനാൽ നിയമനത്തിന് ഹൈക്കോടതിയുടെ മുൻകൂർ അനുമതി ആവശ്യമില്ല. കഴിഞ്ഞ മാർച്ച് 11ന് പിണറായി സർക്കാർ ജില്ലാ ജഡ്‌ജിയും നിയമ സെക്രട്ടറിയുമായ കെ.ജി. സനൽകുമാറിനെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണറാക്കാൻ ശുപാർശ ചെയ്‌തിരുന്നു. പക്ഷേ ഹൈക്കോടതിയുടെ മുൻകൂർ അനുമതി ലഭിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞ് തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മാർച്ച് 26നാണ് സനൽകുമാറിന്റെ നിയമനത്തിനുള്ള ഹൈക്കോടതി അനുമതി ലഭിച്ചത്. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ നടപടി ഗവർണർ അംഗീകരിച്ചില്ല. എന്നാൽ എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥന്റെ നിയമനത്തിൽ സാങ്കേതിക പ്രശ്‌നങ്ങളോ പരാതികളോ ഇല്ല. അതിനാൽ ഗവർണർ അനുമതി നൽകാനാണ് സാദ്ധ്യത. കഴിഞ്ഞ മേയിൽ ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജിയായി ആയാണ് ശേഷാദ്രിനാഥൻ വിരമിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |