
ഇടുക്കി: മൂന്നാർ കൊളുക്കുമലയിൽ ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനി കൈവശപ്പെടുത്തിയിരുന്ന 100 ഏക്കറോളം ഭൂമി (42.72 ഹെക്ടർ) വനംവകുപ്പ് തിരിച്ച് പിടിച്ചു. അതിർത്തികളിൽ ബോർഡുകൾ സ്ഥാപിച്ച് ജണ്ടകെട്ടിതിരിക്കുന്ന നടപടികൾ ഉടൻ ആരംഭിക്കും. വനംവകുപ്പിന്റെ ചരിത്രത്തിലെ വലിയ റിക്കവറികളിൽ ഒന്നാണിത്. കോടികൾ വിലമതിക്കുന്നതും അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ചോലവനങ്ങളും പുൽമേടുകളും നിറഞ്ഞ ഭൂമിയാണിത്.
സർവ്വേനമ്പർ 355, 479, 482, 361ൽപ്പെട്ട ഭൂമി ഹൈക്കോടതി വിധി വന്ന് 39 വർഷങ്ങൾക്ക് ശേഷമാണ് ഏറ്റെടുക്കാനായത്. ഹൈറേഞ്ച് സർക്കിൾ കോട്ടയം ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡി.കെ. വിനോദ് കുമാറിന്റെ നിർദേശപ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥർ റവന്യൂ വകുപ്പ് ഡിജിറ്റൽ സർവേയറുടെ സഹായത്തോടെ രണ്ടു മാസത്തോളമായി നടത്തിയ സർവേ നടപടികൾ പൂർത്തിയാക്കിയാണ് തിരിച്ചുപിടിച്ചത്. ശനിയാഴ്ച രാവിലെ 11ന് ഹാരിസൺ കമ്പനി പ്രതിനിധിയുടെയടക്കം സാന്നിധ്യത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്. ദേവികുളം റേഞ്ച് ഓഫീസർ ഇ.ഡി. അരുൺകുമാർ, ചിന്നക്കനാൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഹാരിസൺ ശശി, ബിറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എസ്. സജീവ് കുമാർ, സാജു ടി.ആർ, ഫോറസ്റ്റ് ബീറ്റ് അസി. എസ്. അൻപുമണി എന്നിവരാണ് നേതൃത്വം നൽകിയത്.
കൈയേറ്റ മാഫിയ കാരണം ഏറ്റെടുക്കൽ നീണ്ടുപോയി
1975: കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആന്റ് അസൈൻമെന്റ് ആക്ട്(1971)പ്രകാരം ഹാരിസൺ മലയാളം കമ്പനിയുടെ അപ്പർ സൂര്യനെല്ലി എസ്റ്റേറ്റിൽ നിന്ന് 210.89 ഏക്കർ ഭൂമി വനംവകുപ്പ് ഏറ്റെടുത്തിരുന്നു. 1975: ചോദ്യം ചെയ്ത് എച്ച്.എം.എൽ ഹൈക്കോടതിയെ സമീപിച്ചു.
1987: വിറകിനായി യൂക്കാലി പ്ലാന്റ് ചെയ്തിരിക്കുന്ന 168.72 ഹെക്ടർ ഭൂമി തിരികെ നൽകാനും ബാക്കി വരുന്ന 42.72 ഹെക്ടർ ഭൂമി ഏറ്റെടുക്കാനും സർക്കാരിന് കോടതി അനുമതി നൽകി.
1991: സർവേ നടത്തി പലതവണ ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും കൈയേറ്റ മാഫിയയുടെ ഇടപെടൽ മൂലമുണ്ടായ രാഷ്ട്രീയസമ്മർദ്ദത്തെ തുടർന്ന് ഏറ്റെടുക്കാനായില്ല.
2001: ഈ ഭൂമി റിസർവ് വനമായി വിജ്ഞാപനം ചെയ്തിട്ടും ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥമൂലം ഭൂമി കമ്പനി കൈമാറിയില്ല.
2025: ഭൂമി ഏറ്റെടുക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. വീണ്ടും സർവേ നടത്തിയതോടെയാണ് സ്ഥലം വിട്ടുകൊടുക്കാൻ എച്ച്.എം.എൽ തയ്യാറായത്. കമ്പനി കരം അടച്ചിരുന്ന ഈ സ്ഥലം പട്ടയത്തിൽ കുറവും ചെയ്തു. കൊളുക്കുമലയിൽ സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള ടെന്റ് ക്യാമ്പിംഗ് നടത്തിയിരുന്നതും ഇവിടെയാണ്. ഇതും ഒഴിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |